പുസ്തകത്തിനൊടുവില്‍ 1877 മുതല്‍ 2005 വരെയുള്ള നാള്‍വഴി കൊടുത്തിരിക്കുന്നു. പൂഞ്ഞാര്‍ രാജാവിന് തിരുവിതാംകൂര്‍ സര്‍ക്കാരിന്‍റെ എലമല സൂപ്രണ്ടായ ജോണ്‍ ദാനിയെല്‍ മണ്‍റോ, കണ്ണന്‍ ദേവന്‍ അഞ്ചനാട് മല ഗ്രാന്‍റായി ലഭിക്കാന്‍ അപേക്ഷ നല്‍കിയതു മുതല്‍ 2005 ഏപ്രില്‍ ഒന്നിന് കണ്ണന്‍ ദേവന്‍ ഹില്‍ പ്ലാന്‍റേഷന്‍സ് ഹില്‍ കമ്പനി നിലവില്‍ വരുന്നതുവരെ ഉള്ളത് ചരിത്രമാണ്. ബാക്കി എല്ലാം ജീവിതവും.
കണ്ണന്‍ ദേവന്‍ കമ്പനിയില്‍ നിന്നും സീനിയര്‍ ജനറല്‍ മാനേജരായി വിരമിച്ച ഭര്‍ത്താവ് സി.കെ ഉണ്ണിക്കൃഷ്ണന്‍ നായരും സുലോചനയും മൂന്നാറിലെ പാവപ്പെട്ടവരുടെ കൂടെ കഴിഞ്ഞ 35 ലേറെ വര്‍ഷങ്ങള്‍ സുലോചനയുടെ പേനത്തുമ്പിലൂടെ ഊര്‍ന്നുവീഴുന്നത് കഥയുടെ രചനാ സൌഭഗത്തോടെയാണ്. പഴമ നിറഞ്ഞ ഒട്ടേറെ അപൂര്‍വ ചിത്രങ്ങള്‍ വായനക്കാരെ ആ പഴയ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും.
65 രൂപാ വിലയുള്ള ഈ പുസ്തകം വായിക്കാന്‍ മാത്രമല്ല സൂക്ഷിച്ചുവയ്ക്കാന്‍ കൂടി കൊള്ളാവുന്നതാണ്. പ്രത്യേകിച്ചും തച്ചുടയ്ക്കാന്‍ വെമ്പല്‍ കൊള്ളുന്ന പ്രത്യയ ശാസ്ത്രമുള്ളവര്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ടതുമാണ്.
തേയിലത്തോട്ടങ്ങളിലെ ഇരുണ്ട് നനവാര്‍ന്ന കുരുക്ഷേത്രത്തില്‍ മഴ, മഞ്ഞ്, മലമ്പനികളോട് പയറ്റിവീണ് മരിച്ച കറുപ്പും വെളുപ്പും തവിട്ടും തൊലിക്കാരെ സുലോചന ഓര്‍മ്മിക്കുന്നുണ്ട്. മനുഷ്യരെ മോഹവലയത്തില്‍ പെടുത്തുന്ന മൂന്നാറിന്‍റെ ആത്മാവില്‍ നിന്ന് ഒരു തുണ്ട് സുലോചന നമുക്ക് പറിച്ചുനല്‍കുകയാണ്, ആര്‍ക്കും ഇടിച്ചു നിരത്താനാവാത്ത ഒരു തുണ്ട്.