കോണ്‍ഗ്രസ് നേതാവും മേഘാലയ ഗവര്‍ണ്ണറുമായ എം.എം.ജേക്കബ്, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയ പല പ്രമുഖരും പൊതുജീവിതം തുടങ്ങുന്നത് കെ.സി.പിള്ളയ്ക്ക് ശിഷ്യപ്പെട്ടുകൊണ്ടായിരുന്നു. ഓച്ചിറയില്‍ സംസ്കൃത അധ്യാപകന്‍ ആയിട്ടായിരുന്നു കെ.സി.പിള്ളയുടെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.
പിന്നീട് അദ്ദേഹം ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പ്രചാരകനായി ബംഗാളില്‍ ചെന്ന് ശാന്തിനികേതനില്‍ മഹാകവി രവീന്ദ്ര നാഥ് ടാഗോറിന്‍റെ കീഴില്‍ പഠിച്ചു. അവിടെ വച്ചാണ് അദ്ദേഹത്തിന്‍റെ മാനവികതയെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ വികസിച്ചത്. ബംഗാളിയില്‍ നിന്ന് ടാഗോറിന്‍റെ ഒട്ടേറെ കൃതികള്‍ അദ്ദേഹം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. സംസ്കൃതസാഹിത്യ ചരിത്രമെഴുതി.
മനുഷ്യബന്ധങ്ങള്‍ക്ക് വലിയ വില കല്‍പ്പിച്ച അസാധാരണ വ്യക്തിത്വമായിരുന്നു കെ.സി.പിള്ള. ഒട്ടേറെ വ്യക്തികളും സ്ഥാപനങ്ങളും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ബോധേശ്വരന്‍, ഗുരു ഗോപിനാഥ് തുടങ്ങിയവര്‍ അദ്ദേഹത്തിന്‍റെ ഉറ്റ മിത്രങ്ങളായിരുന്നു.
കെ.സി.പിള്ളയുടെ ബഹുമുഖമായ ജീവിതത്തെ പരിചയപ്പെടുത്തുന്ന ലഘുജീവചരിത്ര ഗ്രന്ഥമാണ് അദ്ദേഹത്തോടൊപ്പം ഒട്ടേറെ കാലം കഴിയാന്‍ സാധിച്ച വി.എസ്.ശര്‍മ്മ എഴുതിയിരിക്കുന്നത്. അതോടൊപ്പം തന്നെ ഡോ.അയ്യപ്പ പണിക്കര്‍, സുഗതകുമാരി, പ്രൊ.എം.ജി.സുധാകരന്‍ നായര്‍, മിത്രനികേതന്‍ വിശ്വനാഥന്‍, മകള്‍ ഗാഥാ മേനോന്‍ തുടങ്ങിയവര്‍ എഴുതിയ അനുസ്മരണ കുറിപ്പുകളും പുസ്തകത്തിലുണ്ട്.