ടാക്സി ഡ്രൈവര്‍മാര്‍ പ്രതിഷേധിച്ചു

മെല്‍ബണ്‍| WEBDUNIA|
മെല്‍ബണില്‍ ടാക്‍സി ഡ്രൈവറായി ജോലി നോക്കുന്ന ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ യാത്രക്കാരന്‍ കുത്തി പരുക്കേല്‍പ്പിച്ചതിനെതിരെ മെല്‍ബണിലെ ടാക്‍സി ഡ്രൈവര്‍മാര്‍ ശക്തമായി പ്രതിഷേധിച്ചു. ഹരിയാനയില്‍ നിന്നുള്ള ജെര്‍ണൈല്‍ സിംഗിനാണ് കുത്തേറ്റത്.

പ്രതിഷേധത്തില്‍ ധാരാളം ടാക്‍സി ഡ്രൈവര്‍മാര്‍ പങ്കാളികളായി. മെല്‍ബണിലെ തിരക്കേറിയ മേഖലയില്‍ വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാക്കാതെ ഡസനോളം പേര്‍ തങ്ങളുടെ ഷര്‍ട്ടുകള്‍ ഊരിക്കളഞ്ഞ് ആയിരുന്നു പ്രതിഷേധിച്ചത്. “ഞങ്ങള്‍ക്ക് നീതി ലഭിക്കണം“, “നാണമില്ലാത്ത വിക്ടോറിയ പൊലീസ്“ എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു പ്രതിഷേധം രേഖപ്പെടുത്തിയത്.

തണുത്തുറഞ്ഞ കാലാവസ്ഥയായിരുന്നിട്ടും ഡ്രൈവര്‍മാര്‍ ഷര്‍ട്ടുകള്‍ ഊരിക്കളഞ്ഞാണ് പ്രതിഷേധിച്ചതെന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമത്തില്‍ സര്‍ക്കാര്‍ പെട്ടെന്ന് തന്നെ നടപടി എടുക്കണമെന്നും നഷ്ടപരിഹാരം പോലെയുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ടാക്സി ഡ്രൈവര്‍മാര്‍ക്ക് സംരക്ഷണം മുന്‍ കൂര്‍ പണം നല്‍കിയുള്ള യാത്രകള്‍, സേഫ്റ്റി സ്ക്രീനുകള്‍ തുടങ്ങിയ സംവിധാനങ്ങളും വേണമെന്ന് ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇന്ത്യന്‍ ഡ്രൈവറെ ഒരു യാത്രക്കാരന്‍ ആക്രമിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :