എന്നെ തേടിയെത്തിയ കൊലയാളികള്‍

അരുണ്‍ വാസന്തി

WEBDUNIA| Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2009 (15:05 IST)
PRO
ആമുഖങ്ങള്‍ വേണ്ടാത്ത പത്രപ്രവര്‍ത്തകനാ‍ണ് തരുണ്‍ തേജ്‌പാല്‍. ഈ പേരിനുപരി അദ്ദേഹത്തിന്‍റെ തെഹല്‍ക എന്ന മാധ്യമ സ്ഥാപനമാകും സാധാരണക്കാരന് ഏറെ പരിചിതം. ഒളിക്യാമറ റിപ്പോര്‍ട്ടിംഗിലൂടെ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലും മാധ്യമലോകത്തും ഒട്ടേറെ കോളിളക്കങ്ങള്‍ സൃഷ്‌ടിക്കാന്‍ തെഹല്‍ക്കയ്‌ക്ക് കഴിഞ്ഞിരുന്നു. ഇന്ന് ലോകമൊട്ടാകെ അറിയപ്പെടുന്ന പത്ത് മാധ്യമസ്ഥാപനങ്ങളില്‍ ഒന്നായി തെഹല്‍കയെ വിലയിരുത്തപ്പെടുന്നുണ്ട്.

എന്നാല്‍ പത്രപ്രവര്‍ത്തനത്തിന് പുറമേ ഇത്തിരി സാഹിത്യപ്രവര്‍ത്തനം കൂടി തരുണ്‍ നടത്തുണ്ട് എന്നത് ഇന്നും പലര്‍ക്കും അജ്ഞാതമായ കാര്യമാണ്. പത്രപ്രവര്‍ത്തനത്തില്‍ നിന്നും തീര്‍ത്തും വ്യതിരിക്തമായ നോവല്‍ സാഹിത്യത്തിലാണ് അദ്ദേഹം ശ്രദ്ധ കേന്ദീകരിച്ചിരിക്കുന്നത്. രണ്ടു നോവലുകള്‍ അദ്ദേഹത്തിന്‍റെതായി ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. 2006ല്‍ പുറങ്ങിറങ്ങിയ അദ്ദേഹത്തിന്‍റെ ആദ്യ നോവലായ ദി ആല്‍ക്കെമി ഒഫ് ഡിസയര്‍ (ഹാപ്പര്‍ ആന്‍റ് കോളിന്‍സ്) ലോകത്തൊട്ടാകെയായി മൂന്നുലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞത്. 2006ലായിരുന്നു ആ നോവല്‍ പുറത്തിറങ്ങിയത്. നിരവധി ആരാധകരേയും അദ്ദേഹം ലോകമൊട്ടാകെ സൃഷ്‌ടിച്ചിരുന്നു. പക്ഷേ തരുണിന്‍റെ അടുത്ത പു‌സ്‌തകം പുറത്തുവരുവാന്‍ മൂന്നുവര്‍ഷം കാത്തിരിക്കേണ്ടി വന്നു. എന്‍റെ കൊലപാതകികളുടെ കഥ (ദി സ്റ്റോറി ഓഫ് മൈ അസാസിന്‍‌സ്) എന്ന പുതിയ പു‌സ്തകവുമായാണ് ഇക്കുറി തരുണ്‍ തന്‍റെ ആരാധകരെ സമീപിച്ചത്. ഏതാണ്ട് സ്വപ്‌നസമാനമായ സ്വീകരണമാണ് ഈ പു‌സ്തകത്തിന് ലഭിച്ചത്.

തനിക്ക് ഏറെ പരിചിതമായ പത്രപവര്‍ത്തന ലോകത്തിലൂടെയാണ് ഈ നോവല്‍ തരുണ്‍ അവതരിപ്പിച്ചിരിക്കുന്നത്. നായകന്‍റെ ആഖ്യാനത്തിലൂടെയാണ് കഥാതന്തു വികസിക്കുന്നത്. അയാള്‍ ഒരു അന്വേഷണാത്‌മക പത്രപ്രവര്‍ത്തകനാണ്. തന്‍റെ ചെറു മാസികയിലൂടെ കോളിളക്കം സൃഷ്‌ടിക്കുന്ന പല വാര്‍ത്തകളും അയാള്‍ പ്രസിദ്ധീകരിക്കുന്നു. ഇതിനിടയില്‍ നഗരത്തില്‍ നിന്ന് നാലു വാടകക്കൊലയാളികളെ പൊലീസ് അറസ്റ്റുചെയ്യുന്നു. ചോദ്യം ചെയ്യലില്‍ ഇവര്‍ കഥാനായകനായ പത്രപ്രവര്‍ത്തകനെ വധിക്കാനാണ് എത്തിയത് എന്നു മനസിലാകുന്നു. അതോടെ പത്രപ്രവര്‍ത്തകന്‍റെ ജീവിതം കീഴ്‌മേല്‍ മറിയുന്നു. സുരക്ഷാഭടന്‍മാരുടെ വലയത്തിനുള്ളിലാകുന്നു അയാളുടെ ജീവിതം. അതേ സമയം ആര്‍ക്കുവേണ്ടിയാണ് ഇവര്‍ കൊല നടത്താനെത്തിയത് എന്നത് ഒരു രഹസ്യമായി തുടരുകയും ചെയ്യുന്നു. നോവലിന്‍റെ അന്ത്യത്തിലും ഇത് വെളിപ്പെടുന്നതേയില്ല.

അപൂര്‍വ്വതകള്‍ ഒന്നും ഈ ഇതിവൃത്തത്തിന് അവകാശപ്പെടാന്‍ കഴിയില്ലായെങ്കിലും ആഖ്യാനശൈലിയും ശാഖോപശാഖകളായി പടരുന്നു പോകുന്ന കഥകളുമാണ് ഈ നോവലിനെ വ്യത്യസ്തമാക്കി മാറ്റുന്നത്. നോവലില്‍ പത്രപ്രവര്‍ത്തകന്‍റെ ജീവിതം മാത്രമല്ല, യുവാക്കളായ നാലു കൊലപാതകികളുടെയും ജീവിതങ്ങള്‍ അനാവൃതമാകുന്നു. ആധുനിക ഇന്ത്യയുടെ ഒരു നേര്‍ചിത്രം കൂടി ഈ നോവല്‍ വരച്ചുവയ്‌ക്കുന്നു. മഹാനഗരങ്ങളിലെ ജീവിതങ്ങളും, അവിടുത്തെ വൈരുദ്ധ്യങ്ങളുമെല്ലാം നോവലില്‍ അവതീര്‍ണ്ണമാകുന്നുണ്ട്. ഡല്‍ഹിയും മുംബൈയുമാണ് നോവലിന്‍റെ പ്രധാന തട്ടകം. നായക കഥാപാത്രത്തിനും തരുണിനും ചില സാമ്യതകള്‍ നിരൂപകര്‍ കണ്ടെത്തിയിരുന്നുവെങ്കിലും ‘കഥ വേറേ ജീവിതം വേറേ’ എന്നാണ് തരുണ്‍ ഇതിനോട് പ്രതികരിച്ചത്.

40 ഇന്ത്യന്‍ എഴുത്തുകാരെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന ബ്രിട്ടീഷ് കൌണ്‍സിലിന്‍റെ ഇന്ത്യ 2009 ത്രൂ ഫ്രഷ് ഐസ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പു‌സ്തകവും പുറത്തിറങ്ങിയത്. ലോകമൊട്ടാകെയുള്ള നിരൂപകരുടേയും വായനാകുതുകികളുടെയും അഭിനന്ദനങ്ങള്‍ ഈ പു‌സ്തകത്തിന് ഇതിനകം ലഭിച്ചു കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :