സാംസ്കാരിക പഠനമെന്നാല്‍ എന്ത്?

ബെന്നി ഫ്രാന്‍സീസ്

സംസ്കാരപഠനം, ചരിത്രം സിദ്ധാന്തം പ്രയോഗം”
WDWD
മലയാളിയെ മലയാളിയായി കണ്ട് നമ്മുടെ സംസ്കാരത്തെ പഠിക്കാനുള്ള ഒരു ശ്രമവും ഇന്നുവരെ കേരളത്തില്‍ നടന്നിട്ടില്ല. കഥയുടെയും കവിതയുടെയും നോവലിന്റെയും പഠനങ്ങള്‍ സംസ്കാര പഠനങ്ങളായി നമ്മളൊക്കെ തെറ്റിദ്ധരിക്കുകയുണ്ടായിട്ടുണ്ട്. കേസരി ബാലകൃഷ്ണപിള്ള തൊട്ട് ഇങ്ങോട്ടുള്ള എല്ലാ നിരൂപക ചിന്തകരും ഇതേ മാര്‍ഗ്ഗം പിന്തുടര്‍ന്നു. വിജയന്‍ മാഷിന് പോലും സാഹിത്യമാണ് സംസ്കാരമെന്ന അബദ്ധധാരണയില്‍ നിന്ന് വഴിമാറി നടക്കാന്‍ കഴിഞ്ഞില്ല.

അത്ഭുതം ജനിപ്പിക്കുന്ന ബിംബ രചയിതാക്കള്‍ കേരളത്തില്‍ സാംസ്കാരിക നേതാക്കളായി. ആറ്റം‌ബോംബുണ്ടാക്കണോ യൂണീക്കോഡില്‍ ചില്ല് ചേര്‍ക്കണോ എന്ന ചോദ്യങ്ങള്‍‌ക്ക് പോലും സാഹിത്യ പരിചയം വച്ച് അവര്‍ തീര്‍പ്പുകള്‍ കല്‍‌പ്പിക്കുന്നത് നമ്മള്‍ കണ്ടിട്ടുള്ളതാണല്ലോ! ഇത്തിരിവട്ടം വെളിച്ചത്തില്‍ മാത്രം വര്‍ത്തിക്കുന്ന ഒരു കുഞ്ഞുഭാഷയാണ് മലയാളം. എല്ലാ വിജ്ഞാനവിനിമയങ്ങളും നടത്താന്‍ തക്ക പാകത്തില്‍ ഈ ഭാഷയെ പാകപ്പെടുത്തിയെടുക്കുക എന്നത് നമ്മുടെ സംസ്കാരത്തെ മാറ്റിമറിക്കുന്നതിന് തുല്യമാണ്.

മലയാളിയുടെ സംസ്കാരത്തിന് വികസനപരമായ മാറ്റം ഉണ്ടാവണമെങ്കില്‍ നമ്മുടെ സംസ്കാരത്തെ വേറിട്ടൊരു കാഴ്ചയിലൂടെ കാണേണ്ടതുണ്ട്. കവടി നിരത്തലും സരസശ്ലോകം ചൊല്ലലും ‘ന്റെ പ്പൂപ്പായ്ക്കൊരാനേണ്ടാര്‍ന്നു’ എന്ന് പറയലും നിര്‍ത്തിയിട്ട് നമ്മള്‍ വേറെ ചില മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് നമ്മുടെ സംസ്കാരത്തെ പഠിക്കേണ്ടിയിരിക്കുന്നു.

ഇത്തരമൊരു പ്രയത്നമാണ് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍‌വകലാശാല മലയാളവിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാള പഠന സംഘം നിര്‍വഹിക്കുന്നത്. അക്കാദമിക്കലായ ചിട്ടവട്ടങ്ങളിലൂടെ നടത്തിയ ഈ പഠനത്തിന് അക്കാദമിക്കലല്ലാത്ത, പ്രായോഗികമൂല്യങ്ങള്‍ ഉണ്ടെന്നത് ആഹ്ലാദം ജനിപ്പിക്കുന്ന കാര്യമാണ്. കൂടാതെ, ഇത്രയും ബൃഹത്തായ ഒരു സംസ്കാരപഠന പരിശ്രമം ഇന്നുവരെ കേരളത്തില്‍ നടക്കാത്തതാണ്.

മലയാളിയുടെ തനതായ സാംസ്കാര പരിസരത്തെ പറ്റി അറിയണമെന്നും പഠിക്കണമെന്നും താല്‍‌പ്പര്യമുള്ളവര്‍ കറന്റ് ബുക്ക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന “സംസ്കാരപഠനം, ചരിത്രം സിദ്ധാന്തം പ്രയോഗം” എന്ന പുസ്തകം വായിക്കുക. 275 രൂപ വിലയിട്ടിരിക്കുന്ന ഈ പുസ്തകത്തിന് 572 -ഓളം പുറങ്ങളുണ്ട്.

WEBDUNIA| Last Modified ചൊവ്വ, 7 ജൂലൈ 2009 (09:59 IST)
കാലടി സര്‍‌വകലാശാലയിലെ മലയാള വിഭാഗത്തിന്റെ അധ്യക്ഷനും സംസ്കാരപഠന വിഭാഗത്തിന്റെ കോര്‍ഡിനേറ്ററും ആയി പ്രവര്‍ത്തിച്ച പ്രൊഫസര്‍ സ്കറിയാ സക്കറിയയ്ക്ക് സഹപ്രവര്‍ത്തകരും സ്നേഹിതരും ചേര്‍ന്ന് സമര്‍പ്പിക്കുന്ന ഉപഹാരഗ്രന്ഥവും കൂടിയാണ് ഈ പുസ്തകം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :