ബോൾഡാണ്, വായിക്കാതിരിക്കരുത് - ഇത് രണ്ടു പെണ്ണുങ്ങളുടെ ‘കത’ !

അരുണ്‍ ടി വി| Last Modified വെള്ളി, 22 നവം‌ബര്‍ 2019 (18:37 IST)
എന്തെന്ത് അത്ഭുതങ്ങളും കോലാഹലങ്ങളുമാണ് ഓരോ നിമിക്ഷവും നോട്ടിഫിക്കേഷനുകളിൽ വന്ന് നിറയുന്നത്. അങ്ങനെ യാദൃശ്‌ചികമായി ഫെയ്‌സ്ബുക്കിലൂടെ പരതി നടക്കുമ്പോഴാണ് കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ ‘കത' ശ്രദ്ധയിൽപ്പെട്ടത്. ഇനി കത എന്നത് ഒരു അക്ഷര പിശകായിരുന്നുവോ എന്നതിൽ തുടങ്ങി ചിന്തകൾ കാടുകയറി. കല്യാണിയുടേയും ദാക്ഷായണിയുടെയും കതകൾ അങ്ങനെ നിസാരമായവ അല്ലെന്നും അവയൊക്കെ നിങ്ങളെ വായനയുടെ മറ്റൊരുതലത്തിലേക്കും ചിന്തകളുടെ കത്തിപ്പടരലിലേക്കും എത്തിക്കും എന്ന് തിരിച്ചറിഞ്ഞത് പെട്ടെന്നായിരുന്നു.

കൈയിൽ കിട്ടിയത് പുസ്തകത്തിന്‍റെ മൂന്നാംപതിപ്പായിരുന്നു എന്നത് വായനക്കാരൻ എന്ന നിലയിൽ ആകാംക്ഷ കൂട്ടി. വായനയ്‌ക്ക് ഇടയ്‌ക്ക് ഇടവേള നൽകി പുസ്തകം മടക്കി വയ്ക്കുമ്പോൾ എല്ലാം
'കത'യിലെ പെണ്ണുങ്ങൾ ഉച്ചത്തിൽ വിളിച്ച് തിരിച്ചു കൊണ്ടു വരും. ഞങ്ങൾക്ക് പറയാൻ 'കതകൾ' ഇനിയും ഏറെയുണ്ട്. കേൾക്കാതെ പുസ്തകം അടച്ചാൽ എങ്ങനെ? എന്ന് ചോദിച്ചുകൊണ്ട്. കണ്ണൂർ ഭാഷാ ശീലങ്ങൾ അപരിചിതമായവർക്ക് വഴങ്ങാത്ത കഥാപാത്ര സംഭാഷണങ്ങൾ
ആണെങ്കിലും ദേശവും കാലവും കടന്നുള്ള പെണ്ണനുഭവങ്ങൾ സൂചി മുനകളായി ഇടതടവില്ലാതെ വായനയെ കൊരുത്തിടും.

രണ്ടു പെണ്ണുങ്ങളുടെ 'കത'യിൽ തുടങ്ങി പലയിടങ്ങളിൽ നിന്നായി കയറി വന്ന ഉശിരുള്ള
പെണ്ണുങ്ങൾ നിറയെ ഉണ്ട്. കല്യാണീടേം ദാക്ഷായണീടേം 'കതകൾ 'പലപ്പോഴായി പൂരിപ്പിക്കാൻ കുഞ്ഞിപ്പെണ്ണും കൈശുമ്മയും ചേയിയും നെബീസുവും
ലിസിയും ഒക്കെ വരുന്നുണ്ട്.
എല്ലാവരും ഓൺലൈൻ ട്രോൾ ഭാഷയിലെ ഫെമിനിച്ചികളെ കടത്തി വെട്ടുന്നവർ. ഒന്നാം തരം ഉശിരുള്ള പെണ്ണുങ്ങൾ.

ആൺ ഗന്ധം അറിയാത്ത പെണ്ണും മണ്ണും കാട് കയറി പോകുമെന്ന നാട്ടു മൊഴികളെ എത്രയെളുപ്പമാണ്

ഈ പെണ്ണുങ്ങൾ വെട്ടിത്തെളിച്ച് കൂട്ടി തീ കൊടുത്തത് .പെൺ ശരീരവും രതിയും ആരുടെയും ഔദാര്യത്താൽ ആഘോഷിക്കുകയോ ആസ്വദിക്കപ്പെടുകയോ ചെയ്യേണ്ടതല്ല എന്ന ഓർമ്മപ്പെടുത്തൽ കൂടിയുണ്ട്. അത്യാവശ്യ സന്ദർഭങ്ങളിൽ സ്ത്രീകൾക്ക് അവരുടെ മനസ്സ് ശരീരത്തിനും കിടക്കയ്ക്കുമപ്പുറത്തേക്കു ഊരിയിടാൻ പറ്റുമെന്ന തിരിച്ചറിവിൽ 'പുറ്റ് പിടിച്ചു പോട്ട്, പണ്ടാരം ' എന്ന് ആണിക്കച്ചവടക്കാരനായ സ്വന്തം പുരുവനെ (ഭർത്താവിനെ) പ്രാകുന്ന ദാക്ഷായണിയും ചോന്നമ്മക്കോട്ടയിലെ വിലക്കുകൾ തീണ്ടി സ്വന്തം ശരീര കാമനകൾ തിരിച്ചറിഞ്ഞ കല്യാണിയും
ലിംഗ രാഷ്ട്രീയത്തെ കുറിച്ചോ
ബോഡി പൊളിറ്റിക്സിനെ കുറിച്ചോ ഒരിക്കലും സൈദ്ധാന്തിക വിശകലനം നടത്താത്തവരാണ്.

വിവാഹത്തിന് മുൻപും പിൻപും എന്നുള്ള പെൺ ജീവിതത്തിന്‍റെ പകുത്തുവെയ്ക്കലുകളിൽ സ്വന്തം മനസാക്ഷിയെ വഞ്ചിക്കാതെ ജീവിക്കുന്നവരും.
സഹിക്കാൻ കഴിയാത്ത ഇടങ്ങളിൽ നിന്ന് ഇറങ്ങി പോകാൻ ബന്ധങ്ങളുടെ ഒരു ചങ്ങല വളയം പോലും അവർക്ക്
തടസ്സമാകുന്നില്ല. പാവാട പൊക്കി തുടയിൽ അടിച്ച അച്ചൂട്ടി മാഷിനെ ചീത്ത വിളിച്ച് സ്കൂളിന്‍റെ പടി എന്നെന്നേയ്ക്കുമായി ഇറങ്ങിയ രണ്ടു പെണ്ണുങ്ങൾ കഴിഞ്ഞു പോയ ഒന്നിനെ കുറിച്ച് ഓർത്തും വിലപിക്കുന്നവരല്ല. അതേ ലാഘവത്തോടെ തന്നെയാണ് കോപ്പുകാരന്‍റെയും ആണിക്കച്ചവടക്കാരന്റെയും ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോന്നതും.

കഴിഞ്ഞു പോയ കാലത്തെക്കുറിച്ചുള്ള
നിരാശയുടെ ഒരു ചെറു കണിക പോലും കണ്ടെത്താൻ കഴിയില്ല. ഒരു പക്ഷേ നാട്ടു ജീവിതങ്ങളുടെ ശീലങ്ങൾ ആകാം അത്.


പെണ്ണിടങ്ങളിൽ നിന്നുകൊണ്ട് എത്ര മനോഹരമായാണ് ദേശ ചരിത്രവും രാഷ്ട്രീയവും അവർ കതകളാക്കി മാറ്റിയത്. മലബാറും തിരുവിതാംകൂറും കീഴടങ്ങലും കീഴ്‌പെടുത്തലുമെല്ലാം കതയിൽ മുഴച്ചു നിൽക്കാതെ തന്നെ മുറുക്കി കെട്ടിയിട്ടുണ്ട്. അതി വൈകാരികതകളില്ലാതെ കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രം പെൺ വാക്കുകളിൽ നിറയ്ക്കാൻ രാജശ്രീക്ക് കഴിഞ്ഞു. കണ്ണൂരിന്‍റെ
മണ്ണും പച്ചത്തഴപ്പും പിടി തരാത്ത കടങ്കഥകൾ പോലെ നിൽക്കുന്ന വിശ്വാസങ്ങളും രുചികളും മണങ്ങളും എല്ലാം ചേർന്ന് 'കത'യിൽ
ഒരു പുതിയ ലോകം തന്നെ തീർത്തിട്ടുണ്ട്. എഴുത്തുകാരിയുടെ ക്രാഫ്റ്റും പറയാതെ വയ്യ, ആദ്യനോവലാണ് എന്ന ഒരു ആശങ്കയും കിതപ്പും ഒരിടത്തും രാജശ്രീക്ക് ഇല്ല. പുതിയ ഇടം എന്നൊക്കെ എഴുതി ക്ലീഷേയാക്കുന്നില്ല. ഒറ്റവരിയിൽ പറയാം ബോൾഡാണ്, വായിക്കാതിരിക്കരുത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :