പഠനയാത്ര കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥി അണുബാധയേറ്റ് മരിച്ചു; അഞ്ച് കുട്ടികള്‍ നിരീക്ഷണത്തില്‍

പഠനയാത്രയില്‍ ഒപ്പമുണ്ടായിരുന്ന അഞ്ച് കുട്ടികളും നിരീക്ഷണത്തിലാണ്.

തുമ്പി ഏബ്രഹാം| Last Modified വെള്ളി, 22 നവം‌ബര്‍ 2019 (09:21 IST)
കോളേജില്‍ നിന്ന് പഠനയാത്ര കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥി അണുബാധയേറ്റ് മരിച്ചു. കണ്ണൂര്‍ എസ്എന്‍ കോളേജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി കൂത്തുപറമ്പ് തള്ളോട്ട് ശ്രീപുരത്തില്‍ എന്‍ ആര്യശ്രീ ആണ് മരിച്ചത്. ഹൃദയ പേശികളെ ബാധിക്കുന്ന വൈറല്‍ മയോകാര്‍ഡൈറ്റിസ് എന്ന അണുബാധയാണ് മരണകാരണം. പഠനയാത്രയില്‍ ഒപ്പമുണ്ടായിരുന്ന അഞ്ച് കുട്ടികളും നിരീക്ഷണത്തിലാണ്.

ചിക്കമംഗളൂരുവിലേക്കാണ് വിദ്യാര്‍ത്ഥികള്‍ പഠനയാത്ര പോയത്.19 ന് തിരിച്ചെത്തിയ ആര്യശ്രീയെ ശരീരവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കൂത്തുപറമ്പിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 21ന് പുലര്‍ച്ചയോടെയാണ് പെട്ടെന്ന് രക്തസമ്മര്‍ദ്ദം കുറയുകയും മരണം സംഭവിക്കുകയും ചെയ്തത്. മരണകാരണം ഏതു അണുബാധയാണെന്ന് ഉറപ്പുവരുത്താന്‍ മൂന്നു ദിവസം വേണ്ടിവരുമെന്നാണ് ആര്യശ്രീയെ അവസാനം ചികിത്സിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട്.

ശരീര വേദന, പേശീവലിവ്, ക്ഷീണം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടികളെ നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റിയത്. കുട്ടികളുടെ രക്ത, ഉമിനീര്‍ സാംപിളുകള്‍ മണിപ്പാലിലെയും ആലപ്പുഴയിലെയും വൈറോളജി ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍ പരിശോധനക്കയച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :