Last Modified ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (19:19 IST)
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭാഷകളില്‍ സിനിമ ചെയ്യുന്ന യുവതാരമാണ് ദുല്‍ക്കര്‍ സല്‍മാന്‍. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും ദുല്‍ക്കര്‍ പതിവായി സിനിമകള്‍ ചെയ്യുന്നു. എല്ലാ ഭാഷകളിലും ഹിറ്റുകള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ ഒരു ഭാഷയില്‍ ഒരു വര്‍ഷം ഒന്നില്‍ക്കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യാന്‍ ദുല്‍ക്കറിന് കഴിയുന്നില്ല.
ഈ വര്‍ഷം ദുല്‍ക്കറിന്‍റേതായി തമിഴില്‍ ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു. ‘വാന്‍’ എന്ന് പേരിട്ട ചിത്രം നവാഗതനായ ആര്‍ കാര്‍ത്തിക് ആണ് സംവിധാനം ചെയ്യുമെന്ന് അറിയിച്ചത്. ചിത്രത്തിന്‍റെ പൂജ ജനുവരിയില്‍ നടന്നു. കെനന്യ ഫിലിംസിന്‍റെ ബാനറില്‍ സെല്‍വകുമാറാണ് ചിത്രം നിര്‍മ്മിക്കാനിരുന്നത്.
എന്നാല്‍ പിന്നീട് ചിത്രത്തേക്കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല. പ്രൊജക്ട് നിലവിലുണ്ടോ എന്ന അപ്‌ഡേറ്റ് പോലും ഉണ്ടായില്ല. അതിനിടെ, ഈ പ്രൊജക്ട് ഉപേക്ഷിക്കപ്പെട്ടതായി റൂമറുകള്‍ പരന്നു. എന്നാല്‍ മറ്റൊരു വാര്‍ത്ത വന്നത്, വേറെ ഒരു ടീമിനെ ഉള്‍പ്പെടുത്തി ഈ പ്രൊജക്ട് പുനരാരംഭിക്കും എന്നായിരുന്നു.
ഇപ്പോള്‍ ഇത്തരം വാര്‍ത്തകള്‍ക്കെതിരെ ശക്തമായി പ്രതിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദുല്‍ക്കര്‍ സല്‍മാന്‍. ദയവുചെയ്ത് ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും ഇത്തരം വാര്‍ത്തകളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ദുല്‍ക്കര്‍ പറയുന്നു. തന്‍റെ ചിത്രങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള അപ്‌ഡേറ്റുകളും അനൌണ്‍സ്മെന്‍റുകളും അതതുചിത്രങ്ങളുടെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം താന്‍ തന്നെ അറിയിക്കുമെന്നും താരം പറയുന്നു.
ഒരു റൊമാന്‍റിക് ട്രാവലോഗായാണ് ‘വാന്‍’ എന്ന ചിത്രം പ്ലാന്‍ ചെയ്തിരുന്നത്. കല്യാണി പ്രിയദര്‍ശന്‍, പ്രിയ ഭവാനി ശങ്കര്‍ തുടങ്ങിയ വന്‍ താരനിരയും ആ ചിത്രത്തിന്‍റെ പേരില്‍ പറഞ്ഞുകേട്ടിരുന്നു. എന്തായാലും ആ പ്രൊജക്ടിനെപ്പറ്റിയുള്ള അവ്യക്തത തുടരുകതന്നെയാണ്.