പത്രങ്ങള്‍ക്കും വാര്‍ത്താ മാധ്യമങ്ങള്‍ക്കും ധാര്‍മ്മികത നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ് , മാധ്യമ സിന്‍ഡിക്കേറ്റുകള്‍ മാധ്യമരംഗം അടക്കിവാഴുകയാണ് എന്നിങ്ങനേയുള്ള ആരോപണങ്ങള്‍ നിറഞ്ഞു നില്ക്കുന്ന കാലത്താണ് ‘പത്രം ധര്‍മ്മം നിയമം‘ എന്ന പേരില്‍ എന്‍.പി.രാജേന്ദ്രന് എഴുതിയ പുസ്തകം പുറത്തിറങ്ങുന്നത്.
‘വ്യൂ പോയിന്റ് ‘എന്ന പുസ്തക പ്രസാധന ശാലയുടെ കന്നി ഉപഹാരമാണിത്. മാധ്യരംഗത്തെ ഗൌരവപൂര്‍ണ്ണമായ ചര്‍ച്ചക്ക് വഴിയൊരുക്കുന്ന പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള വ്യൂ പോയിന്റിന്റെ ഉദ്യമം ശ്ലാഘനീയമാണ്.
മറ്റെന്തിനേയും പോലെ പത്രനിര്മ്മാണവും ഇന്ന് വന്‍കിട വ്യവസായമാണ്; കടുത്ത മത്സരം നേരിടുന്ന വ്യവസായം. എങ്ങിനേയും ആദ്യം വാര്‍ത്ത കൊടുക്കുക, എപ്പോഴും മുന്നില്‍ നില്ക്കുക, ഒന്നാമതാവുക, ഈ അവസ്ഥകള്‍ എങ്ങനേയും നിലനിര്‍ത്തുക, അങ്ങനെ വരുമാനം ഉണ്ടാക്കുക, നിലനിര്‍ത്തുക , അതോടൊപ്പം മറ്റ് മാധ്യമ മേഖലകളെ കൂടി കൈപ്പിടിയിലാക്കി ഒരു കുത്തകയായി മാറുക എന്ന രീതിയിലാണ് പത്ര മാനേജ്മെന്റുകളുടെ കുതിച്ചു കയറ്റം.
ഈ അഭ്യാസത്തിനിടയില്‍ സര്‍വ്വാധികാരിയും പത്രനായകനുമായ എഡിറ്റര്‍ പോലും നോക്കുകുത്തിയോ,പത്ര നടത്തിപ്പുകാരുടെ കളിപ്പാട്ടമോ ആയി മാറിപ്പോവുന്നു. കച്ചവടക്കണ്ണുള്ള പത്ര നടത്തിപ്പിലും മത്സര ഓട്ടത്തിലും ചവിട്ടി മെതിച്ചു പോവുന്നത് പത്രസ്വാതന്ത്ര്യവും ധാര്‍മ്മികതയും നിഷ്പക്ഷതയും സത്യസന്ധതയും എല്ലാമാണ്.