കര്‍ക്കടകമാസത്തിലെ ആയൂര്‍വേദം

WEBDUNIA|
പഞ്ഞമാസമായ കര്‍ക്കടകമാസമെത്തി. ശരീരം ശുദ്ധീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ആയൂര്‍വേദ ചികിത്സ നടത്തുന്നതിനും ഏറ്റവും യോജിച്ച മാസമാണ് കര്‍ക്കടകം.

ഈ സമയത്തെ ചികിത്സ ശരീരത്തിന് കൂടുതല്‍ ഫലം ചെയ്യുന്നുവെന്ന് ആയൂര്‍വേദാചാര്യന്മാര്‍ അഭിപ്രായപ്പെടുന്നു. നിരവധി ആയൂര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍ പ്രത്യേക പാക്കേജുകളുമായി കര്‍ക്കടകമാസത്തെ ആരോഗ്യ ചികിത്സാ കൊയ്ത്തിന് രംഗത്തുണ്ട്. കര്‍ക്കടക കഞ്ഞി പാക്കറ്റിലും ലഭ്യമാണ്.

ധാതുക്ഷയം, വാതരോഗങ്ങള്‍, ത്വക് രോഗങ്ങള്‍ എന്നിവയകറ്റാന്‍ കര്‍ക്കടക കഞ്ഞി ഉപയോഗിക്കുന്നു. മുക്കുറ്റി, വിഷ്ണുകാന്തി, തിരുതാളി, പൂവാംകുറുന്തല്‍, കൈതോന്നി, മുയല്‍ചെവിയന്‍ എന്നിങ്ങനെ മുപ്പതില്‍പ്പരം ഔഷധങ്ങള്‍ ചേര്‍ത്താണ് കര്‍ക്കടകകഞ്ഞി തയ്യാറാക്കുന്നത്. കഞ്ഞി കുടിക്കുന്നവര്‍ എരിവ്, പുളി, ഉപ്പ് എന്നിവ കുറച്ചേ ഉപയോഗിക്കാവൂ. ലഹരിപാനീയങ്ങളും മത്സ്യമാംസാദികളും വര്‍ജ്ജിക്കണം.

കര്‍ക്കടക മാസത്തില്‍ സുഖ ചികിത്സയ്ക്ക് എത്തുന്നവരുടെയും, കര്‍ക്കടക കഞ്ഞി കുടിക്കാനെത്തുന്നവരുടെയും എണ്ണം വര്‍ഷംതോറും കൂടുന്നു. ആയൂര്‍വേദ കേന്ദ്രങ്ങള്‍ മിക്കവയും ചികിത്സയ്ക്കായി മാസങ്ങള്‍ക്ക് മുമ്പേ ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു. വിദേശികളും ഇതിലുണ്ട്.

സുഖ ചികിത്സയില്‍ മസാജ്, പിഴിച്ചില്‍, ഞവരക്കിഴി എന്നിവയാണുള്ളത്. ഇതിനു ശേഷം പഞ്ചകര്‍മ്മ ചികിത്സയുമുണ്ട്. മസാജ് ശരീരത്തിന് ഉന്മേഷം നല്‍കുന്നു. ധന്വന്തരം, പ്രഭഞ്ചനം, കൊട്ടന്‍ചുക്കാദി തുടങ്ങിയവ ഉപയോഗിച്ച് മസാജ് ചെയ്യുന്നു.

അടുത്തതായി പിഴിച്ചിലാണ്. ഔഷധച്ചെടികളുടെ ഇലകളും മറ്റും എണ്ണയിലിട്ട് ചൂടാക്കി കിഴികളിലാക്കിയ ശേഷം ശരീരത്തില്‍ തേയ്ക്കുന്നു. ഇനി ഞവരക്കിഴിയാണ്. ഞവരനെല്ല് ഉമിയുള്‍പ്പടെ വേവിച്ചെടുത്ത് കിഴികളിലാക്കി കുറുന്തോട്ടി, പശുവിന്‍പാല്‍ എന്നിവയില്‍ മുക്കിയ ശേഷം ദേഹമാസകലം തേച്ചു പിടിപ്പിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :