തിരുവനന്തപുരം നാലാഞ്ചിറയില്‍ ബ്ലാക്മാന്‍ ആക്രമണം നടത്തിയതായി പ്രചരണം. ഒരു പെണ്‍കുട്ടിക്ക് കുത്തേറ്റതിന് പിന്നില്‍ ബ്ലാക്മാനാണെന്നാണ് പ്രചരണം പുരോഗമിക്കുന്നത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ ബ്ലാക്മാനൊന്നുമല്ലെന്നും പെണ്‍കുട്ടിയെ അപമാനിക്കാന്‍ ഏതോ അക്രമി ശ്രമിച്ചതാണെന്നും നാട്ടുകാരില്‍ മറ്റൊരു വിഭാഗം പറയുന്നു.
നാലാഞ്ചിറ സെന്‍റ് ജോണ്‍സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് നേരെയാണ് തിങ്കളാഴ്ച രാവിലെ ആക്രമണമുണ്ടായത്. കൂശവൂര്‍ക്കല്‍ വഴി റോഡിലൂടെ സ്കൂളിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ കറുത്ത വസ്ത്രധാരിയായ ഒരാള്‍ കടന്നുപിടിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് ഓടാന്‍ ശ്രമിച്ചപ്പോള്‍ കൈയിലുരുന്ന കത്തികൊണ്ട് അക്രമി പെണ്‍കുട്ടിയുടെ കൈയില്‍ കുത്തി പരുക്കേല്‍പ്പിച്ചു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും അടുത്തുള്ള വീടിന്‍റെ മതില്‍ ചാടിക്കടന്ന് അക്രമി രക്ഷപ്പെട്ടു.
അക്രമി കറുത്ത വസ്ത്രം ധരിച്ചിരുന്നതിനാല്‍ ഇത് ബ്ലാക്മാന്‍റെ ആക്രമണമാണെന്നാണ് പ്രചരണം പുരോഗമിക്കുന്നത്. പെണ്‍കുട്ടി ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും അക്രമിയെ കണ്ടെത്താനായില്ല. സംഭവസ്ഥലത്തിന് സമീപത്തായി ഒരു കോളനിയുണ്ട്. അക്രമി ഈ ഭാഗത്തേക്ക് രക്ഷപ്പെട്ടതായാണ് വിവരം. അതുകൊണ്ടുതന്നെ കോളനിയിലെ ആര്‍ക്കെങ്കിലും ഈ ആക്രമണവുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം, പെണ്‍കുട്ടിയെ ആക്രമിച്ചത് ബ്ലാക്മാന്‍ തന്നെയാണെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്. പൊലീസിനോടും ഇവര്‍ ഇത്തരത്തില്‍ പരാതിപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.