സ്വാതന്ത്ര്യസമര സേനാനി, പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, എന്നീ നിലകളിലെല്ലാം ചിരസ്മരണീയനാണ് കെ.പി.കേശവമേനോന്‍.
നാം മുന്നോട്ട് എന്ന അദ്ദേഹത്തിന്‍റെ ലേഖന പരമ്പര വ്യക്തികള്‍ക്കും സമൂഹത്തിനുമുള്ള സമകാലിക ഉപദേശസംഹിതയായിരുന്നു. ഒരു തരത്തില്‍ കേശവമേനോന്‍ ഒരു സാമൂഹിക കൗണ്‍സലിംഗ് ആയിരുന്നു നടത്തിയിരുന്നത്.
പാലക്കാട്ടെ നാടുവാഴി പ്രഭുത്വത്തിന്‍റെ അന്തരീക്ഷത്തില്‍ ജനിച്ച് സകല സൗഭാഗ്യങ്ങളും അനുഗ്രഹിച്ച ചുറ്റുപടില്‍ വളര്‍ന്ന്, സ്വാതന്ത്ര്യപോരാളികളുടെ യാതനാ നിര്‍ഭരമായ ജീവിതം സ്വയം തെരഞ്ഞെടുത്ത് 1978 നവംബര്‍ 9 നു കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞ കെ.പി.കേശവമേനോന്‍ ജീവിതത്തിന്‍റെ ഓരോ നിമിഷവും ജനസേവനത്തിനായി ഉഴിഞ്ഞു വച്ചു.
1886 സപ്തംബര്‍ ഒന്നിനായിരുന്നു അദ്ദേഹത്തിന്‍റെ ജനനം.
വൈക്കം സത്യാഗ്രഹമടക്കമുള്ള കോണ്‍ഗ്രസിന്‍റെ സമരങ്ങളിലെല്ലാം നായക സ്ഥാനത്തുണ്ടായിരുന്ന അദ്ദേഹം ഒരിക്കലും അധികാരത്തിനോ സ്ഥാനമാനത്തിനോ വേണ്ടി ശ്രമിച്ചില്ല. പകരം ജനങ്ങളില്‍ ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവും പകരുന്ന ചിന്തകള്‍ പങ്കുവയ്ക്കാനാണ് ഔത്സുക്യം കാട്ടിയത്. സാമൂഹിക ഉപദേശ സംഹിതയെ സ്വന്തം നിലയ്ക്ക് ഒരു സാഹിത്യ പ്രസ്ഥാനമായി മാറ്റാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
ദേശീയ ജീവിതത്തില്‍ മഹത്തായ പങ്കു വഹിച്ച "മാതൃഭൂമി' പത്രത്തിന്‍റെ സ്ഥാപക പത്രാധിപരാവുക, ഹ്രസ്വമായ ചുരുക്കം ഇടവേളകളോടെ 55 കൊല്ലക്കാലം ആ പത്രത്തിന്‍റെ അധിപ സ്ഥാനത്തു തുടരുകയും ചെയ്യുക - ഒരാളെ സര്‍വാദരണീയനാക്കാന്‍ ഈ ഒരൊറ്റ കാര്യം മതി.
എന്നാല്‍ കെ.പി.കേശവമേനോനെ സര്‍വസംപൂജ്യനാക്കുന്നതു നെടുനാള്‍ അദ്ദേഹം വഹിച്ച മാതൃഭൂമി പത്രാധിപത്യം മാത്രമല്ല . സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ദേശീയ സമരത്തില്‍ ത്യാഗസുരഭിലമായി സേവനമനുഷ് ഠിക്കുകയും കേരളത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോന്‍ഗ്രസിനു വേരോട്ടമുണ്ടാക്കന്‍ അഹോരാത്രം പണിയെടുക്കുകയും ചെയ്ത ദേശസ്നേഹിയാണ് കേശവമേനോന്‍.