നല്ലൊരു ഭക്ഷണപ്രിയനായിരുന്നു കേശവമേനോന്‍. നല്ല ഭക്ഷണം അതിന്‍റെ വൈവിദ്ധ്യം, രുചിഭേദം എല്ലാമദ്ദേഹത്തിന് പ്രിയതരമായിരുന്നു. ഉറ്റവരുടെയും ബന്ധുക്കളുടെയും മാത്രമല്ല സ്നേഹിതരുടെയും അവരുടെ മക്കളുടെയും മറ്റും പിറന്നാളും വിവാഹ വാര്‍ഷികവും അദ്ദേഹം ഓര്‍ത്തുവയ്ക്കുമായിരുന്നു. ഉച്ച സദ്യയ്ക്ക് താനുണ്ടാകുമെന്ന് മുന്‍കൂട്ടി ഓര്‍മ്മിപ്പിക്കാനും അദ്ദേഹം മടിക്കാറില്ല.
കാഴ്ച നഷ്ടപ്പെട്ടതില്‍ പിന്നെ വിളമ്പിയ ഇലയ്ക്കു മുന്‍പിലിരുന്ന് സന്തത സഹചാരിയായ ശ്രീനിവാസന്‍ വിരല്‍ തൊട്ടു പരിചയപ്പെടുത്തുന്ന വിഭവങ്ങള്‍ ഓരോന്നും മുറതെറ്റിക്കാതെ കേശവ മേനോന്‍ കഴിക്കുന്ന കാഴ്ച ഹൃദ്യമായിരുന്നു.
ദീനദയാലുത്വം അദ്ദേഹത്തിന്‍റെ കൂടപ്പിറപ്പായിരുന്നു. മാതൃഭൂമിയില്‍ വിവിധ വിഭാഗങ്ങളില്‍ ജോലിചെയ്തിരുന്നവരില്‍ ഏറിയ പങ്കും ഈ ദീനാനുകന്പയുടെ സൗജന്യം അനുഭവിക്കുന്നവരായിരുന്നു.