ന്യൂയോർക്ക്|
VISHNU N L|
Last Modified വെള്ളി, 6 നവംബര്‍ 2015 (11:23 IST)
ലോകമെമ്പാടുമുള്ള ജീവജാലങ്ങള്‍ക്ക് നാശം സംഭവിക്കത്തക്ക വിധത്തില്‍ ഭൂമിയുടെ സംരക്ഷണ കവചമായ ഓസോണ്‍ പാളിയുടെ 95 ശതമാനവും നശിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി ബലൂണ്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ലോകത്തെ ഞെട്ടിക്കുന്ന വിവരം ലഭിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 15ന് ഓസോണ്‍പാളിയില്‍ ഉണ്ടായ വിള്ളല്‍ ഏകദേശം 2.82 കോടി ചതുരശ്ര കിലോമീറ്റര്‍ വരുമെന്നാണ് നാസ കണ്ടെത്തിയത്. മാത്രമല്ല അത് കുറയാതെ അതേ അവസ്ഥയില്‍ തന്നെ തുടരുകയാണെന്നും നാസ പറയുന്നു.
വിഷയം അതീവ ഗുരുതരമാണ്. ഭൂമിയിലേക്ക് പതിക്കുന്ന കനത്ത അൾട്രാവയലറ്റ് രശ്മികൾക്കെതിരെ മുൻകരുതലെടുക്കണമെന്ന് അന്റാർട്ടിക്കയ്ക്കും ദക്ഷിണാർധഗോളത്തിലെ രാജ്യങ്ങൾക്കും ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യുഎംഒ) മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ‘ഓസോണിൽ എല്ലാവർഷവും ശോഷണം സംഭവിക്കാറുണ്ട്. എന്നാൽ ഇത്തവണ നമ്മളൽപം മുൻകരുതലെടുക്കേണ്ട വിധത്തിലാണ് കാര്യങ്ങൾ..’ എന്നാണ് പത്രക്കുറിപ്പിൽ ഡബ്ല്യുഎംഒ വ്യക്തമാക്കിയത്.
എല്ലാ വർഷവും സെപ്റ്റംബറിൽ അന്റാർട്ടിക്കയ്ക്കു മുകളിലെ ഓസോൺ പാളിയിൽ വൻതോതിൽ സുഷിരമുണ്ടാകുന്നത് പതിവാണ്. ഇക്കാലത്ത് ഓസോണ്‍ പാളി നിലനില്‍ക്കുന്ന സ്ട്രാറ്റോസ്ഫിയര്‍ എന്ന അന്തരീക്ഷ മേഖല തണുത്തു പോകുന്നതുകൊണ്ടാണ് ഓസോണ്‍ ശോഷണം ഉണ്ടാകുന്നത്. തണുപ്പുമൂലം ങ്കൂടുതല്‍ ഓസോണ്‍ തന്മാത്രകള്‍ ഉണ്ടാകാത്തതിനാല്‍ നിലവിലുള്ള ഓസോണ്‍ തന്മാത്രകള്‍ സൂര്യനില്‍ നിന്ന് വരുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ഏറ്റ് വിഘടിച്ച് പോകുന്നു. ഇതുമൂലം ഓസോണ്‍ പാളിയില്‍ വിള്ളലുണ്ടാവുകയും അത് വലുതാവുകയും ചെയ്യും. ഈ അവസ്ഥ എല്ലാ കൊല്ലവും ഒക്ട്രോബര്‍ വരെ തുടരും. പിന്നീട് ഇത് പതിയെ പഴയ അവസ്ഥയിലേക്ക് എത്തും.
എന്നാല്‍ ഇത്തവണ ഒക്ടോബര്‍ കഴിഞ്ഞിട്ടും സുഷിരം ചെറുതാകാതെ തുടര്‍ന്നതോടെയാണ് ശാസ്ത്രലോകം ആശങ്കയിലായത്. ഇതിന്റെ പരിണിതഫലം വരുംനാളുകളിലായിരിക്കും അനുഭവപ്പെടുക. ഇത്തവണ തണുപ്പ് വിചാരിച്ചതിലും ഏറെനാൾ നിന്നതോടെയാണ് പണിപാളിയത്. മാത്രവുമല്ല മനുഷ്യന്റെ തലതിരിഞ്ഞ വികസന നയങ്ങൾ കാരണം വൻതോതിലാണ് ക്ലോറോഫ്ലൂറോ കാർബണും മറ്റ് ഓസോൺ വിനാശകാരികളും സ്ട്രാറ്റോസ്ഫിയറിൽ എത്തുന്നത്. ഇതെല്ലാം വിഘടിച്ച് ഓസോണിനെ നശിപ്പിക്കാൻ ശേഷിയുള്ള ക്ലോറിനും ബ്രോമിനുമായി മാറുന്നതും ഏറുകയാണ്. ഓസോൺ പുന:സൃഷ്ടിക്കപ്പെടാൻ മനുഷ്യൻ ഒരുതരത്തിലും സമ്മതിക്കുന്നില്ലെന്നർഥം.
ഏറ്റവും ഭീകരമായ ഓസോൺ ശോഷണം സംഭവിച്ചത് 2000 സെപ്റ്റംബർ ഒൻപതിനായിരുന്നു. അന്ന് 2.99 കോടി ചതുരശ്ര കിലോമീറ്റർ ഭാഗത്തെ ഓസോൺപാളിയാണ് നഷ്ടമായത്. പക്ഷേ ഇത് പിന്നീട് ചുരുങ്ങുകയും ചെയ്തു. അപ്രകാരത്തിലൊരു ചുരുങ്ങൽ ഇത്തവണ ഉണ്ടാകാത്തതാണ് ശാസ്ത്രലോകത്തെ ആശങ്കാകുലരാക്കുന്നത്.
സാധാരണ ഗതിയിൽ സ്‌ട്രാറ്റോസ്‌ഫിയറിൽ അനുഭവപ്പെടുന്ന ഉയർന്ന സൂര്യതാപം ആണ് അവിടെയുള്ള ഓക്‌സിജൻ തന്മാത്രകളെ (o2) വിഘടിപ്പിച്ച് ഓക്‌സിജൻ (o) ആറ്റങ്ങളാക്കുന്നത്. സ്‌ഥിരത കുറഞ്ഞ ഈ ഓക്‌സിജൻ ആറ്റങ്ങൾ തൊട്ടടുത്തുള്ള ഓക്‌സിജൻ തന്മാത്രകളുമായി ചേർന്ന് ഓസോൺ (o3) രൂപംകൊള്ളുന്നു. അൾട്രാവയലറ്റ് രശ്‌മികൾ വന്നിടിക്കുമ്പോൾ ഈ ഓസോൺ തന്മാത്രകൾ വീണ്ടും ഓക്‌സിജൻ തന്മാത്രയും (o2) ഓക്‌സിജൻ ആറ്റവുമായി (o) മാറും.
എന്നാല്‍ തണുത്ത അവസ്ഥയില്‍ ഇത്തരത്തില്‍ ഓസോണ്‍ ഉണ്ടാവുകയില്ല. പക്ഷേ അൾട്രാവയലറ്റ് രശ്മികൾ വന്നു കൊണ്ടേയിരിക്കും. തണുപ്പുകാരണം ഓസോൺ നിർമിക്കപ്പെടാതാകുന്നതോടെ രശ്മികളേറ്റ് പാളിയിൽ വിള്ളലുണ്ടായിക്കൊണ്ടേയിരിക്കും. തണുപ്പുമാറുമ്പോൾ പിന്നെയും ഓസോൺ രൂപീകരിക്കപ്പെടുകയും രശ്മികൾ തടയപ്പെടുകയുമാണ് പതിവ്. എന്നാല്‍ ഇപ്പോഴത്തെ
അവസ്ഥ ഗുരുതരമാണ്.
ഇതിന്റെ കാരണത്തെപ്പറ്റി ശാസ്ത്രജ്ഞർ കൊണ്ടുപിടിച്ച അന്വേഷണവും ആരംഭിച്ചു കഴിഞ്ഞു. മാരക അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിലെത്തിയാൽ സ്കിൻ കാൻസറും സൂര്യാതപവും പ്രതിരോധശേഷിയുടെ തകരാറും ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് മനുഷ്യനെ കാത്തിരിക്കുന്നത്, മരണം വരെ സംഭവിക്കാം. അത് പരിസ്ഥിതിക്കുണ്ടാകുന്ന തിരിച്ചടിയുടെ കണക്ക് വേറെ.