ശരീരത്തിന് വഴക്കവും ശക്തിയും പ്രദാനം ചെയ്യാന്‍ യോഗ!

അനിരാജ് എ കെ| Last Modified വെള്ളി, 28 ഫെബ്രുവരി 2020 (10:47 IST)
ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നീങ്ങാനും നില്‍ക്കാനും കാലുകള്‍ മനുഷ്യന് അത്യന്താപേക്ഷിതമാണ്. ഇതിന് കാലുകള്‍ ദൃഢവും ബലവും ആകേണ്ടതുണ്ട്. ഇതിനാല്‍ തന്നെ നില്‍ക്കുന്ന തരത്തിലുള്ള നിലകള്‍ യോഗാഭ്യാസത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ശരീരത്തിന് വഴക്കവും ശക്തിയും പ്രദാനം ചെയ്യുന്ന വിധത്തിലാണ് യോഗാസനങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്.

തദാസനം

‘തദ’ എന്നാല്‍ പര്‍വ്വതം എന്നര്‍ത്ഥം. ‘സമ’ എന്നാല്‍ നേരെ എന്നും അര്‍ത്ഥം. ‘സ്ഥിതി’ എന്നാല്‍ നിശ്ചലമായി നില്‍ക്കുക. അതുകൊണ്ട് തന്നെ നിവര്‍ന്ന് പര്‍വ്വതത്തിന് സമാനമായി നില്‍ക്കുക ആണ് തദാസനം കൊണ്ടുദ്ദേശിക്കുന്നത്. സാധാണ ഒരു വ്യക്തി നില്‍ക്കേണ്ട രീതി ആണിത്.

ചെയ്യേണ്ട വിധം

1. സാധാരണ പോലെ നിവര്‍ന്ന് നില്‍ക്കുക.

2. പാദങ്ങള്‍ രണ്ടും ചേര്‍ത്ത് വയ്ക്കുക. ഇരു കാലുകളുടെയും പെരുവിരലും പാദങ്ങളും പരസ്പരം സ്പര്‍ശിക്കുന്ന രീതിയില്‍ നില്‍ക്കുക.

3. പാദം നിലത്ത് സ്പര്‍ശിക്കുന്ന രീതിയില്‍ വിശ്രമാവസ്ഥയില്‍ നില്‍ക്കുക. വിരലുകള്‍ നന്നായി നിവര്‍ത്തി വയ്ക്കുക.

4. ഉപ്പൂറ്റി നിലത്തുറപ്പിച്ച് നില്‍ക്കുക. ശരീരഭാരം പാദത്തിന്‍റെ മധ്യഭാഗത്തായിരിക്കണം കേന്ദ്രീകരിക്കേണ്ടത്.

5. കാല്‍മുട്ടുകള്‍ ഇറുകിപ്പിടിക്കുക. അരക്കെട്ട് ഇറുക്കി പിടിക്കുക. തുടകളിലെ മാംസ പേശികളും ഇറുക്കി പിടിക്കുക.

6. നട്ടെല്ല് നിവര്‍ത്തി പിടിക്കുക. നെഞ്ച് വികസിപ്പിക്കുക.

7. വയറും കഴുത്തും ഒരേനിലയില്‍ നിവര്‍ത്തിപ്പിടിക്കുക.

8. നന്നായി നിവര്‍ന്ന് നില്‍ക്കുക. കൈകള്‍ ശരീരത്തോട് ചേര്‍ത്ത് പിടിച്ച് കൈത്തലം തുടകള്‍ക്ക് മേല്‍ വച്ച് വിരലുകള്‍ നിവര്‍ത്തി പിടിക്കുക.

9. ഈ നിലയില്‍ 20 - 30 സെക്കന്‍ഡുകള്‍ നിന്ന് സാധാരണ പോലെ ശ്വാസോച്ഛ്വാസം ചെയ്യുക.

പ്രത്യേക നിര്‍ദ്ദേശങ്ങള്‍

മിക്ക ആള്‍ക്കാരും നേരായ രീതിയില്‍ നില്‍ക്കാന്‍ ശ്രദ്ധിക്കാറില്ല. ചിലര്‍ ശരീര ഭാരം ഒരു കാലില്‍ കേന്ദ്രികരിക്കുന്നു. ചിലര്‍ മുട്ട് വളച്ചാവും നില്‍ക്കുക. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നടുവിന്‍റെ ചലനത്തിന് പ്രശ്നമുണ്ടാക്കുന്നു.

തദാസനം കൊണ്ടുള്ള പ്രയോജനം

ജാഗരൂകമായ മനസിനും ശരീരത്തിനും തദാസനം പ്രയോജനപ്രദമാണ്. കൈ, കാല്‍ മുട്ടുകളും ചുമലുകളും ആയാസരഹിതമായി ചലിപ്പിക്കാനും കഴിയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :