നെല്‍വിന്‍ വില്‍സണ്‍|
Last Modified ബുധന്‍, 12 മെയ് 2021 (14:38 IST)
ഇന്ന് ലോക നഴ്‌സ് ദിനമാണ്. കോവിഡ് മഹാമാരിയെ നേരിടാന്‍ മുന്‍നിര പോരാളികളായി രാവും പകലും ഓടിനടക്കുകയാണ് ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍. ലോക നഴ്‌സ് ദിനത്തില്‍ തന്റെ അമ്മയെ ഓര്‍ക്കുകയാണ് അവതാരകയും അഭിനേത്രിയുമായ അശ്വതി ശ്രീകാന്ത്. തങ്ങളുടെ ആദ്യത്തെ ഡോക്ടറും നഴ്‌സും തന്റെ അമ്മയാണെന്ന് അശ്വതി പറയുന്നു. വൈകാരികമായ കുറിപ്പാണ് അശ്വതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. അമ്മയുടെ ചിത്രവും ഈ പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
അശ്വതിയുടെ കുറിപ്പ് വായിക്കാം
അമ്മ നഴ്സ് ആയി ജോലി ചെയ്തിരുന്ന
ആശുപത്രിയില്‍ ആണ് അച്ഛന്‍ അമ്മയെ പെണ്ണുകാണാന്‍ ചെന്നത്. തിരുവനന്തപുരത്തു നിന്നുള്ള ഗള്‍ഫുകാരന്റെ വിവാഹ പരസ്യം പത്രത്തില്‍ കണ്ട് അമ്മയുടെ സുഹൃത്താണ് അച്ഛന്റെ വിലാസത്തില്‍ കത്തെഴുതിയത്. ഗള്‍ഫുകാരനെ കല്യാണം കഴിച്ച് കൂടെ പോകാമെന്നും അവിടെ ജോലി നോക്കാമെന്നും അമ്മ കരുതിയിട്ടുണ്ടാവും. പക്ഷേ എന്തുകൊണ്ടോ വിവാഹം അല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. വിവാഹത്തോടെ അമ്മയ്ക്ക് ആശുപത്രിയിലെ ജോലി ഉപേക്ഷിക്കേണ്ടിയും വന്നു. അമ്മ പക്ഷേ പഠിച്ചത് ഒരിക്കലും മറന്നില്ല.
വാടക വീടിന്റെ അരിക് മുറിയിലെ ക്ലിനിക്കില്‍ പനിയ്ക്ക് മരുന്ന് വാങ്ങാനും മുറിവ് വച്ച് കെട്ടാനും ഇഞ്ചക്ഷന്‍ എടുക്കാനും വന്നിരുന്ന ആളുകളെ കണ്ടാണ് എന്റെ ബാല്യം കണ്ണു തുറന്നിരുന്നത്. അമ്മയോട് അക്കാലത്ത് ഒരു പാരാസെറ്റമോള്‍ എങ്കിലും വാങ്ങിയിട്ടില്ലാത്ത തട്ടക്കുഴക്കാര്‍ കുറവായിരിക്കും. Betadine ന്റെയും ഡെറ്റോളിന്റെയും മണമായിരുന്നു വീടിന്. നഴ്‌സിങ് പഠിക്കുന്ന കാലത്ത് ഡെഡ്‌ബോഡി ഒക്കെ തൊട്ടിട്ടുണ്ടെന്ന് അമ്മ ഒരിക്കല്‍ പറഞ്ഞതില്‍ പിന്നെ ദിവസങ്ങളോളം അമ്മയുടെ കൈയില്‍ പോലും തൊടാതെ നടന്നിട്ടുണ്ട് ധൈര്യശാലിയായ ഞാന്‍.
ഇപ്പോള്‍ അച്ഛന് രണ്ടു നേരം ഇന്‍സുലിന്‍ എടുക്കുന്നതിലേയ്ക്ക് അമ്മയുടെ നഴ്‌സിംഗ് ചുരുങ്ങിയെങ്കിലും ഇപ്പോഴും ഞങ്ങളുടെ ആദ്യത്തെ ഡോക്ടറും നഴ്‌സും അമ്മയാണ്. ഒന്നാം വയസ്സില്‍ പനി കൂടി fits
വന്ന എന്നെയും എടുത്ത് ആശുപത്രിയിലേയ്ക്ക് ഓടിയ അതേ ധൈര്യത്തിലാണ്, ചരിത്രം ആവര്‍ത്തിച്ച കൊച്ചുമകളെ സ്വന്തം കൈയില്‍ കോരിയെടുത്ത്
അറുപതാം വയസ്സില്‍ അമ്മ ആശുപത്രിയില്‍ എത്തിച്ചത്.
ആറു മാസം മുന്‍പ് ക്ഷണിക്കാത്തൊരു അതിഥി ശരീരത്തില്‍ കയറി കൂടി, അമ്മയൊരു മേജര്‍ സര്‍ജറിയ്ക്ക് ഒരുങ്ങി ഇരിക്കുമ്പോള്‍ ആശുപത്രിയില്‍ വച്ച് എടുത്ത പടമാണിത്. അത്ര തന്നെ കൂള്‍ ആയാണ് തീയേറ്ററിലേയ്ക്ക് പോയതും. ഐസിയുവില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സുമാരോട് കമ്പനി കൂടി അവരുടെ ഫോണ്‍ നമ്പര്‍ വരെ വാങ്ങിയാണ് അമ്മ എട്ടാം ദിവസം ആശുപത്രി വിട്ടത്. അതാണ് അമ്മ...ഞങ്ങടെ സ്വന്തം നഴ്‌സമ്മ ! ??
നിങ്ങളൊന്ന് തൊടാതെ ആരും ഇങ്ങോട്ട് വരികയും കടന്നു പോവുകയും ഇല്ലാത്തതിനാല്‍ ഭൂമിയിലെ
എല്ലാ മാലാഖമാര്‍ക്കും നന്ദി, ഒപ്പം നഴ്‌സസ് ഡേ വിഷസ്സ്...