നീതിയും ധര്‍മബോധവും കലര്‍ന്ന രാഷ്‌ട്രീയ അഭിരുചി മാതാപിതാക്കളില്‍ നിന്നും മമതയ്ക്ക് പകര്‍ന്നു കിട്ടി. വിദ്യാര്‍ത്ഥിയായിരുന്ന കാലത്തു തന്നെ മമത സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ അഭിരുചി കാണിച്ചിരുന്നു. കൊല്‍ക്കത്തയിലെ ജോഗ്‌മയ ഡേബി കോളേജിലെ പഠന കാലത്ത് ബംഗാള്‍ ഛത്ര പരിഷതില്‍ അവര്‍ അംഗമായി.
നിയമത്തില്‍ ബിരുദവും അധ്യാപന പരിശീലനവും നേടിയ മമത ദക്ഷിണ കൊല്‍ക്കത്തയിലെ ഒരു പ്രാഥമിക വിദ്യാലയത്തില്‍ അല്‍പ്പകാലം അധ്യാപികയായി ജോലി നോക്കി. എന്നാല്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്നതിനായി അവര്‍ ആ ജോലി ഉപേക്ഷിക്കുകയായിരുന്നു.
കോണ്‍ഗ്രസിലൂടെയാണ് മമത രാഷ്ട്രീയത്തിലെത്തുന്നത്. 1977 മുതല്‍ 83 വരെ ചത്ര പരിഷത്തിന്‍റെ വര്‍ക്കിംഗ് കമ്മിറ്റി അംഗമായിരുന്നു അവര്‍. 1979-80 കാലത്ത് പശ്ചിമ ബംഗാള്‍ മഹിള കോണ്‍ഗ്രസിന്‍റെ ജനറല്‍ സെക്രട്ടറിയായിരുന്നു. 1981 മുതല്‍ 1987 വരെ പശ്ചിമ ബംഗാള്‍ പ്രൊവിന്‍ഷ്യന്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്‍റെ സെക്രട്ടറിയായും 1983-88 കാലത്ത് ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്‍റെ വനിത വിഭാഗം സെക്രട്ടറിയായും 1980-85 കാലത്ത് ദക്ഷിണ കൊല്‍ക്കത്ത ജില്ല കോണ്‍ഗ്രസ് സെക്രട്ടറിയായും മമത പ്രവര്‍ത്തിച്ചു.
1984ലാണ് അവര്‍ ആദ്യമായി പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ജാദവ്പൂര്‍ ലോക്സഭ മണ്ഡലത്തില്‍ നിന്നായിരുന്നു ഇത്. 1987ല്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ സമിതിയില്‍ അവര്‍ അംഗമായി. 1988ല്‍ കോണ്‍ഗ്രസ് പാര്‍ലിമെന്‍ററി പാര്‍ട്ടിയുടെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായിരുന്നു മമത. 1989ല്‍ പഴ്ശ്ചിമ ബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായ മമത 1991ലും 1996ലും ദക്ഷിണ കൊല്‍ക്കത്ത മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.