വില്യമിന്റെ വധു അല്ലേ ഇത്!

WEBDUNIA|
PRO
PRO
വില്യം രാജകുമാരന്റെ മനസ്സ് കവര്‍ന്ന സുന്ദരി വിവാഹ തീയതി ഇങ്ങെത്തിയിട്ടും ചുമ്മ കറങ്ങി നടക്കുന്നത് കണ്ടാണ് ചിലര്‍ പിന്നാലെ കൂടിയത്. ദൈവമേ...! ഭാവിയില്‍ ഇംഗ്ലണ്ടിന്റെ രാജ്നിയാകേണ്ട കുട്ടിയാണോ കണ്മുന്നില്‍ ചുറ്റിത്തിരിയുന്നത് എന്ന് മറ്റ് ചിലര്‍. എന്നാല്‍ തങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത് കേറ്റ് മിഡില്‍ടണ്‍ അല്ലെന്നും അവരോട് രൂപസാദൃശ്യമുള്ള കേറ്റ് എലിസബത്ത് റൈഡര്‍ എന്ന യുവതിയാണെന്നും പലരും ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്! കേറ്റ് മിഡില്‍ടണിനോട് വളരെയധികം സാമ്യം പുലര്‍ത്തുന്ന ഈ യുവതി എവിടെയും ആള്‍ക്കൂട്ടത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണിപ്പോള്‍.

യഥാര്‍ത്ഥ കേറ്റിന്റെയും അപരയുടേയും പേരിന്റെ തുടക്കം ‘കേറ്റ് എലിസബത്ത്‘ എന്ന് തന്നെയാണ്. പേരില്‍ പോലും സാമ്യമുള്ള, അതേ രൂപസാദൃശ്യമുള്ള അവരെ എങ്ങനെ ആളുകള്‍ തെറ്റിദ്ധരിക്കാതിരിക്കും? ഇരുവരുടെയും പ്രായവും തുല്യം- 29 വയസ്സ്.

രാജകീയ വിവാഹത്തെക്കുറിച്ച് ലോകം മുഴുവന്‍ കൊട്ടിഘോഷിക്കുമ്പോള്‍ കേറ്റ് റൈഡര്‍ അതെക്കുറിച്ചൊന്നും അത്രകണ്ട് ബോധവതി ആയിരുന്നില്ല. പക്ഷേ താന്‍ വില്യമിന്റെ വധു ആണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചു തുടങ്ങിയതോടെ തനിക്കും വിവാഹ വാര്‍ത്തകളില്‍ താല്‍‌പര്യം വര്‍ദ്ധിച്ചിരിക്കുകയാണെന്ന് കേറ്റ് റൈഡര്‍ സമ്മതിക്കുന്നു.

എന്നാ‍ല്‍ കേറ്റ് റൈഡര്‍ വിവാഹിതയാ‍‍ണ്. ലോകം കാത്തിരിക്കുന്ന സ്വപ്ന വിവാഹത്തിലെ വധുവിനോട് തന്റെ ഭാര്യയ്ക്ക് സാമ്യമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ അവരുടെ ഭര്‍ത്താവ് ഒരു കുസൃതി കാട്ടി. മിഡില്‍ടണിന്റെ വിവാഹനിശ്ചയ വേഷം ഡിസൈന്‍ ചെയ്തു നല്‍കിയ അതേ ഡിസൈനറുടെ പക്കല്‍ നിന്ന് ഭാര്യയ്ക്കായി അതുപോലൊരു വസ്ത്രം തന്നെ തുന്നിവാങ്ങി. ഭാര്യയെ ഈ വേഷം ധരിപ്പിച്ച്, മിഡില്‍ടണിന്റെ അതേ ഹെയര്‍ സ്റ്റൈലില്‍ ഒരുക്കി നിര്‍ത്തി പുള്ളിക്കാരന്‍ ഫോട്ടോ എടുക്കുകയും ചെയ്തു. ആ ഫോട്ടോ കണ്ടാല്‍ ഒറിജിനല്‍ ഏത്, ഡ്യൂപ്ലിക്കേറ്റ് ഏത് എന്ന് വില്യം രാജകുമാരന് പോലും തിരിച്ചറിയാന്‍ സാധിക്കില്ലെന്നാണ് സംസാരം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :