ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കാലിടറി. 49 റണ്‍സിനു ന്യൂസീലാന്‍ഡ് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി. ജയിക്കാന്‍ 222 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക 43.2 ഓവറില്‍ 172 റണ്‍സിനു എല്ലാവരും പുറത്തായി.
മികച്ച ബൗളിംഗ് കാഴ്ച വച്ച മക്കല്ലവും ഓറവുമാണ് ന്യൂസീലാന്‍ഡിന്റെ വിജയശില്‍പികള്‍. ഓറം നാലും മക്കല്ലം മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. ജയിക്കാന്‍ 222 റണ്‍സ് വേണ്ടിയിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. ഏഴു റണ്‍സെടുത്ത അംലയെ പെട്ടെന്നു നഷ്‌ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ സ്മിത്തും കാലിസും ചേര്‍ന്നു സ്കോര്‍ മുന്നോട്ടു കൊണ്ടുപോയി.
കാലിസ് മികച്ച ഫോമിലായതോടെ ദക്ഷിണാഫ്രിക്ക ജയം ഉറപ്പിച്ചു. എന്നാല്‍, 28 റണ്‍സെടുത്ത സ്മിത്തിനെ പുറത്താക്കി ന്യൂസീലാന്‍ഡ് തിരിച്ചടിച്ചു. 35 റണ്‍സെടുത്ത ഡിവില്ലിയേഴ്സും പുറത്തായതോടെ ദക്ഷിണാഫ്രിക്ക പരുങ്ങലിലായി. ഡുമിനി (3), ബോത(2), പീറ്റേഴ്സണ്‍(പൂജ്യം), സ്റ്റെയ്ന്‍ (8) എന്നിവര്‍ വന്ന പോലെ മടങ്ങിയപ്പോള്‍ സെമി കാണാതെ ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ നിന്ന് പുറത്തായി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസെലന്‍ഡ് 8 വിക്കറ്റിന് 221 റണ്‍സെടുത്തിരുന്നു.
സെമിയില്‍ ന്യൂസീലാന്‍ഡ് ആരെ നേരിടണമെന്ന് ഇന്നറിയാം. ഇന്ന് അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ ശ്രീലങ്ക ഇംഗ്ലണ്ടിനെ നേരിടും. ഈ കളിയിലെ വിജയിയായിരിക്കും സെമിഫൈനലില്‍ ന്യൂസീലാന്‍ഡിനെ നേരിടുക. ഉച്ചതിരിഞ്ഞ രണ്ടരയ്ക്കാണ് മത്സരം. ഹോം ഗ്രൌണ്ട് എന്ന ആനുകൂല്യം ഇന്ന് ശ്രീലങ്കയ്ക്കു ലഭിക്കും.