കൊല്‍ക്കത്ത|
WEBDUNIA|
Last Modified ബുധന്‍, 1 ഫെബ്രുവരി 2012 (16:19 IST)
PTI
PTI
കോണ്‍ഗ്രസ് തന്നെ ‘വഞ്ചിച്ചു‘ എന്ന് എപ്പോഴും മുറവിളി കൂട്ടുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക്, അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയേക്കുറിച്ച് പറയാനുള്ളത് നല്ലത് മാത്രം. രാജീവ് “ജനഹൃദയങ്ങളിലെ നായകന്‍“ ആണെന്ന് മമത വിശേഷിപ്പിക്കുന്നു. കേന്ദ്രധനമന്ത്രി പ്രണാബ് മുഖര്‍ജി തനിക്ക് സഹോദരതുല്യനാണെന്നും അവര്‍ പറയുന്നു. ‘മൈ അണ്‍ഫൊര്‍ഗറ്റബിള്‍ മെമ്മറീസ്' എന്ന പുസ്തകത്തിലൂടെയാണ് അവര്‍ കോണ്‍ഗ്രസ് നേതാക്കളോടുള്ള മമത വ്യക്തമാക്കിയിരിക്കുന്നത്.
രാജീവ് ഗാന്ധി മമതയ്ക്ക് പ്രിയപ്പെട്ട നേതാവാകാന്‍ കാരണങ്ങളുണ്ട്. 1991-ല്‍ സി പി ഐ(എം) പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ മമത ഉള്‍പ്പെടെയുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരുക്കേറ്റു. അന്ന് ചികിത്സ ലഭ്യമാക്കുന്നതിനും അതിന്റെ ചെലവ് വഹിക്കുന്നതിനും മുന്‍കൈ എടുത്തത് രാജീവ് ഗാന്ധിയാണെന്ന് മമത ഓര്‍ക്കുന്നു. മമതയ്ക്ക് അമേരിക്കയില്‍ വിദഗ്ദ്ധ ചികിത്സയ്ക്ക് പോകണോ എന്ന് ആളെ വിട്ട് അദ്ദേഹം അന്വേഷിക്കുകയും ചെയ്തു.
പിന്നീട് രാജീവ് ഗാന്ധി കൊല്ലപ്പെട്ട വാര്‍ത്ത അറിഞ്ഞ് തകര്‍ന്ന് പോയി. ഒരാഴ്ചക്കാലം സംസാരിക്കാനോ ആഹാരം കഴിക്കാനോ തനിക്ക് സാധിച്ചില്ലെന്നും മമത പറയുന്നുണ്ട്. പിതാവിന്റെ മരണത്തോടെ അനാഥയായ താന്‍ അതോടെ വീണ്ടും അനാഥയായെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
പ്രതിസന്ധികള്‍ വരുമ്പോഴും മനസ്സ് വിഷമിക്കുമ്പോഴും തന്റെ മുറിയിലെ ചുവരില്‍ തൂങ്ങുന്ന രാജീവ് ഗാന്ധിയുടെ ചിത്രത്തിലേക്ക് അറിയാതെയൊന്ന് നോക്കിപ്പോകുമെന്നും അവര്‍ പറയുന്നുണ്ട്.