സുധാകരനെതിരെ എ ഗ്രൂപ്പിന്റെ പടയൊരുക്കം

കണ്ണൂര്‍| WEBDUNIA|
കണ്ണൂരില്‍ കെ സുധാകരനെതിരെ എ ഗ്രൂപ്പിന്റെ പടയൊരുക്കം. സുധാകരനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കാനാണ് എ ഗ്രൂപ്പിന്റെ നീക്കം. പോസ്റ്റര്‍ വിവാദം തെരുവിലേക്ക് വലിച്ചിഴച്ചത് സുധാകരനാണെന്നാണ് എ ഗ്രൂപ്പ് പറയുന്നത്. മാത്രമല്ല മുഖ്യമന്ത്രിയുടെ ചിത്രമുള്ള പോസ്റ്ററുകള്‍ നീക്കം ചെയ്യാന്‍ സുധാകരന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും എ ഗ്രൂപ്പ് ആരോപിക്കുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് കണ്ണൂരില്‍ ഒരു സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍‌ചാണ്ടിയുടെ പോസ്റ്റര്‍ നീക്കം ചെയ്തത് എന്നാണ് ഇവരുടെ ആരോപണം.

സുധാകരന്‍ നടത്തിയത്‌ അച്ചടക്കലംഘനമാണെന്നും അതിനാല്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കളായ സതീശന്‍ പാച്ചേനി, കെ പി നൂറുദ്ദീന്‍, എന്‍ രാമകൃഷ്ണന്‍, എ ഡി മുസ്‌തഫ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പോസ്റ്റര്‍ വിവാദത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഇവരുടെ പ്രധാന ആരോപണം. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ ആസൂത്രിത നീക്കമാണ് ഇത്‌. ഇതിനു പിന്നിലെ ദുരുദ്ദേശ്യം അവര്‍ തന്നെ വ്യക്‌തമാക്കണം. ആരും പാര്‍ട്ടിക്ക്‌ അതീതരല്ല. മസില്‍ പവര്‍കൊണ്ടും ശരീര ഭാഷ കൊണ്ടും അനുയായികളെ തെറ്റായ വഴിയില്‍ കൊണ്ടുവന്നു പാര്‍ട്ടിയുടെ യശസ്സ്‌ നഷ്ടപ്പെടുത്തുകയാണു സുധാകരനെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

മുല്ലപ്പെള്ളിക്ക് അഭിമാനമില്ലെന്ന് കഴിഞ്ഞ ദിവസം സുധാകരന്‍ പ്രസ്താവിച്ചിരുന്നു. ഇത് വളരെ മോശമായിപ്പോയെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഇത്തരം പ്രസ്താവനകളിലൂടെ മുല്ലപ്പള്ളിയെ ഭീഷണിപ്പെടുത്താനാണ് സുധാകരന്റെ ശ്രമമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :