പൊതുപ്രവര്‍ത്തകരുടെ മാന്യത മുഖ്യമന്ത്രി സംരക്ഷിക്കണം: കെ സുധാകരന്‍
കൊച്ചി|
WEBDUNIA|
PRO
PRO
ഫ്ലക്സ് ബോര്‍ഡ് വിവാദത്തില്‍ കെ സുധാകരന്‍ എം പി പ്രതികരിക്കുന്നു. പെരുവഴിയില്‍ സ്ഥാപിച്ച ബോര്‍ഡ് മാറ്റിയത് ബോധപൂര്‍വമാണെന്ന് സുധാകരന്‍ പറഞ്ഞു. തന്റെ സാന്നിധ്യത്തില്‍ ബോര്‍ഡ് മാറ്റിയത് തന്നെ അപമാനിക്കാനാണെന്നും സുധാകരന്‍ പറഞ്ഞു. പൊതുപ്രവര്‍ത്തകരുടെ മാന്യത സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.
പെരുവഴിയില്‍ വച്ച ബോര്‍ഡ് എങ്ങനെയാണ് ചട്ടവിരുദ്ധമാകുന്നതെന്ന് സുധാകരന്‍ ചോദിച്ചു. ബോര്‍ഡ് സ്ഥാപിച്ച് 21 ദിവസത്തിന് ശേഷമാണ് എസ് പി ബോര്‍ഡ് കണ്ടെതെന്ന് പറയുന്നത് വിശ്വസിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡ് വച്ചത് പൊലീസ് സ്റ്റേഷനിലോ എ ആര്‍ ക്യാമ്പിലോ പരേഡ് ഗ്രൌണ്ടിലോ അല്ല, പെരുവഴിയിലാണ്. അങ്ങനെയാണെങ്കില്‍ കേരളത്തില്‍ ഇത്തരത്തില്‍ എത്ര ബോര്‍ഡുകള്‍ കാണാന്‍ സാധിക്കും അതൊന്നും നീക്കം ചെയ്യുന്നില്ലല്ലോ എന്ന് സുധാകരന്‍ ചോദിച്ചു. ബോര്‍ഡ് വയ്ക്കുന്നതിന് കണ്ണൂരിന് മാത്രം പ്രത്യേക നയമാണൊ എന്നും അദ്ദേഹം ചോദിച്ചു.
ബോര്‍ഡ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ താന്‍ ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. എന്നാല്‍ തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും ഇക്കാര്യത്തില്‍ പ്രസ്താവന നടത്തിയ സാഹചര്യത്തില്‍ തനിക്ക് മിണ്ടാതിരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബോര്‍ഡ് മാറ്റിയതില്‍ എസ് പിയെ അനുമോദിച്ചുള്ള മുല്ലപ്പള്ളിയുടെ പ്രസ്താവന അനവസരത്തിലാണെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. കണ്ണൂരിലെ കോണ്‍ഗ്രസുകാരേയും യൂത്ത് കോണ്‍ഗ്രസുകാരേയും അനാവശ്യമായി വേട്ടയാടുന്ന എസ് പിക്കെതിരെ നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.