സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങള്‍ വളരെക്കുറച്ചുമാത്രമേ ഉണ്ടാകാറുള്ളൂ. അത് ഏറെ പഴക്കമുള്ള ഒരു പരാതിയാണ്. സിനിമ ഭരിക്കുന്നത് ആണ്‍ലോകമാണെന്ന ആരോപണം സത്യമാണെന്ന് തെളിയിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍. എന്നാല്‍ ഇടയ്ക്കിടെ സ്ത്രീ കഥാപാത്രങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ചില സിനിമകള്‍ ഉണ്ടാകും, അവയൊക്കെ വലിയ സംഭവങ്ങളായി മാറുകയും ചെയ്യും.
മലയാളത്തില്‍ മണിച്ചിത്രത്താഴ്, തെലുങ്കില്‍ അരുന്ധതി, ഹിന്ദിയില്‍ ഡേര്‍ട്ടി പിക്ചര്‍, കഹാനി തുടങ്ങിയ സിനിമകള്‍ പ്രേക്ഷകരെ ഞെട്ടിച്ചവയാണ്. ആ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങള്‍ എന്നും പ്രേക്ഷകമനസില്‍ നിലനില്‍ക്കുകയും ചെയ്യും.
സുജോയ് ഘോഷ് സംവിധാനം ചെയ്ത ഹിന്ദിച്ചിത്രം ‘കഹാനി’യില്‍ വിദ്യാബാലനായിരുന്നു നായിക. ഗര്‍ഭിണിയായ നായിക കാണാതായ ഭര്‍ത്താവിനെ തിരഞ്ഞ് ഒരു അന്യനഗരത്തില്‍ എത്തിച്ചേരുന്നതായിരുന്നു കഹാനിയുടെ പ്രമേയം. വലിയ ഹിറ്റായി മാറിയ ആ സിനിമ തമിഴിലേക്കും തെലുങ്കിലേക്കും എത്തുകയാണ്.
ശേഖര്‍ കമ്മൂലയാണ് കഹാനി റീമേക്കുകളുടെ സംവിധായകന്‍. വിദ്യാബാലന്‍ അനശ്വരമാക്കിയ നായികാ കഥാപാത്രത്തെ തമിഴിലും തെലുങ്കിലും നയന്‍താരയാണ് അവതരിപ്പിക്കുന്നത്. അനാമിക എന്നാണ് നയന്‍സ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.
ഹൈദരാബാദിലെ പൊടിനിറഞ്ഞ തെരുവുകളില്‍ ഞായറാഴ്ച ആരംഭിച്ച ചിത്രീകരണത്തില്‍ നയന്‍താരയും പങ്കെടുത്തു.
പൂര്‍ണമായ തിരക്കഥയും സിനിമയിലുടനീളം ഉപയോഗിക്കുന്ന വസ്ത്രങ്ങളും ഷൂട്ടിംഗിന് നാളുകള്‍ക്ക് മുമ്പേ സംവിധായകന്‍ നയന്‍താരയെ ഏല്‍പ്പിച്ചുവത്രേ. അതുകൊണ്ടുതന്നെ ഏറെ തൃപ്തിയോടെയാണ് നയന്‍സ് ഈ സിനിമയില്‍ അഭിനയിക്കുന്നത്. അമ്പതുദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാകും.