രാജ്യം നേരിടുന്ന ഏറ്റവും വലിയ ശാപമാണ് പെണ്‍ഭ്രുണഹത്യയും സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളും. എത്ര ബോധവത്കരണങ്ങള്‍ നടത്തിയിട്ടും നിയമം എത്രത്തോളം കര്‍ക്കശമാക്കിയിട്ടും ഫലമില്ല, പെണ്‍കുഞ്ഞുങ്ങള്‍ അമ്മയുടെ ഉദരത്തില്‍ കൊല്ലപ്പെട്ടുകൊണ്ടേയിരിക്കുന്നു. പിറന്നുവീഴും മുമ്പും പിറന്ന ശേഷവും പെണ്‍കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന രാജ്യത്ത് ആണ്‍ഭ്രുണഹത്യ നടക്കുന്ന ഒരു നാടുണ്ടെന്നത് മറ്റൊരു ഞെട്ടിപ്പിക്കുന്ന വാസ്തവമാണ്. രാജസ്ഥാനിലെ ഈ നാട്ടില്‍ ജനങ്ങള്‍ പെണ്‍കുഞ്ഞുങ്ങളുടെ പിറവി ആഘോഷിക്കും. പക്ഷേ ആണ്‍ ജീവനുകള്‍ അവര്‍ മുളയിലേ നുള്ളും.
പടിഞ്ഞാറന്‍ രാജസ്ഥാന്റെ പ്രാന്തപ്രദേശത്താണ് ആണ്‍ഭ്രുണഹത്യ വ്യാപകം, പ്രത്യേകിച്ചും ബാര്‍മര്‍ ജില്ലയില്‍.
ആണ്‍കുഞ്ഞുങ്ങളെ അവര്‍ കൊല്ലുന്നത് എന്തിന്?
മാംസക്കച്ചവടം- ഈ ചോദ്യത്തിന് ഒറ്റവാക്കിലുള്ള ഉത്തരം അതാണ്. വേശ്യാവൃത്തി ഉപജീവനമാര്‍ഗമാക്കിയ അനേകം സ്ത്രീകള്‍ ഇവിടുത്തെ ഗ്രാമങ്ങളില്‍ ഉണ്ട്. സാതിയ വിഭാഗത്തില്‍പ്പെട്ടവരാണിവര്‍. ഈ സ്ത്രീകള്‍ ഗര്‍ഭിണികളായാല്‍ അവര്‍ കുഞ്ഞിന്റെ ലിംഗ പരിശോധന നടത്തും. പെണ്‍കുഞ്ഞാണെങ്കില്‍ അവര്‍ സന്തോഷിക്കും. കുഞ്ഞ് വളര്‍ന്നുവരുമ്പോള്‍ അവരുടെ തൊഴില്‍ തന്നെ സ്വീകരിക്കുമല്ലോ. പക്ഷേ ആണ്‍ കുഞ്ഞാണെങ്കില്‍ അതിനെ ജനിക്കാന്‍ അനുവദിക്കില്ല.
30 ശതമാനം മാത്രം പുരുഷജനസംഖ്യയുള്ള ഇവിടങ്ങളില്‍ സ്ത്രീകള്‍ സ്വന്തം ശരീരം വിറ്റ് അരവയര്‍ നിറയ്ക്കുന്നു. ഇടപാടുകാരെ കണ്ടെത്താന്‍ സ്ത്രീകളെ സഹായിക്കുന്നത് ഈ പുരുഷന്മാരാണ്. പ്രായം 15 ആകുമ്പോള്‍ ഓരോ വീട്ടിലെയും പെണ്‍കുട്ടികള്‍ ഈ തൊഴിലിലേക്ക് തിരിയുന്നു.
അമ്പതോളം വര്‍ഷമായി ഇത് തുടരുന്നു എന്നാണ് കണക്ക്. മുമ്പ് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് സ്ത്രീകളെ ഇവിടേക്ക് കടത്തിക്കൊണ്ടുവരാറുണ്ടായിരുന്നു. ധനികരോടൊപ്പം കിടപ്പറ പങ്കിടാനായിരുന്നു ഇത്. തുടര്‍ന്ന് ഇവര്‍ വേശ്യാവൃത്തി ജീവിതമാര്‍ഗമാക്കി ഇവിടെ തുടരുകയായിരുന്നു.
സര്‍ക്കാരിനും സന്നദ്ധ സംഘടകള്‍ക്കും ഇതേക്കുറിച്ച് വ്യക്തമായ അറിവുണ്ടെങ്കിലും അവര്‍ക്കൊന്നും ഇതില്‍ കാര്യമായ ഇടപെടല്‍ നടത്താന്‍ സാധിച്ചിട്ടില്ല.