സാധാരണ ഒരു തുണിക്കടയില്‍ ജോലി ചെയ്യുന്ന പോളിനെക്കൊണ്ട് സജിതയെ ഫ്ലൈറ്റില്‍ കയറ്റി വിദേശത്തേക്ക് കൊണ്ടുപോകാന്‍ പറ്റുമോ? എന്നാല്‍ ഇംഗ്ലണ്ടില്‍ അടിച്ചുപൊളിച്ച് ജീവിക്കുന്ന ടിസനെന്ന യുവാവിന് അത് സാധിക്കും. മക്കള്‍ക്കൊപ്പം ടിസന്റെ കൂടെ ഇംഗ്ലണ്ടില്‍ ജീവിക്കാമെന്ന മോഹമാണ് സജിതയെ ഈ കടുംകയ്യിന് പ്രേരിപ്പിച്ചത്. ധനമില്ലെങ്കിലും നല്ല സന്തുഷ്ടജീവിതമാണ് പോളും സജിതയും നയിച്ചിരുന്നത് എന്ന് നാട്ടുകാര്‍ പറയുന്നു. കയ്യിലുള്ളതിനെ വിട്ട് പറക്കുന്നതിനെ പിടിക്കാന്‍ ശ്രമിച്ച സജിതയെ എന്ത് കോടതിവിധിയാണ് കാത്തിരിക്കുന്നതെന്ന് വരും നാളുകളില്‍ അറിയാം.
കാണാന്‍ സുമുഖനായ ടിസന്‍ ഒരു ചുറ്റിക്കളിക്കാരനും ക്രിമിനലുമാണെന്ന് പൊലീസ് സംശയിക്കുന്നു. അല്ലെങ്കില്‍ പിന്നെ വിവാഹിതനായ ടിസന്‍, വിവാഹപ്പരസ്യത്തില്‍ നല്‍കിയ ഫോണ്‍ നമ്പറിലേക്ക് വിളിക്കുമായിരുന്നില്ലല്ലോ. സുഖമായി ജീവിക്കാന്‍ പന്ത്രണ്ടും എട്ടും വയസുള്ള പെണ്‍മക്കളെ കൊന്നുകളയാന്‍ കാമുകിയെ പ്രേരിപ്പിക്കാന്‍ ഒരു ക്രിമിനലിനേ കഴിയൂ എന്ന് പൊലീസ് വെളിപ്പെടുത്തുന്നു.
അവിഹിതബന്ധത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന ടിസന്‍, കാമുകിയായ സജിതയുമൊത്ത് സുഖമായി ജീവിക്കാന്‍ ഭാര്യയെ കൊലപ്പെടുത്താനും പദ്ധതിയിട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഒന്നരവര്‍ഷം മുമ്പാണു കോട്ടയം പാമ്പാടി സ്വദേശി ടിസനും തിരുവില്വാമല സ്വദേശിനിയായ അന്‍ജുവും വിവാഹിതരായത്. ഇംഗ്ലണ്ടില്‍ നെഴ്സായ അന്‍ജുവാണ് ടിസനെ ഇംഗ്ലണ്ടില്‍ കൊണ്ടുപോയതും അവിടെ ജോലി ശരിയാക്കിയതും. ഇംഗ്ലണ്ടില്‍നിന്ന് ഈമാസം 28നു ടിസന്റെ ഭാര്യ അന്‍ജു നാട്ടിലെത്താനിരിക്കുകയാണ്. നാട്ടില്‍ എത്തിയാല്‍ അന്‍ജുവിനെ കൊലപ്പെടുത്താനായിരുന്നു ടിസന്റെ പദ്ധതി.