കോട്ടയത്തെ നഴ്സുമാരെ അധിക്ഷേപിച്ചിട്ടില്ല: റിമ കല്ലിങ്കല്‍

WEBDUNIA|
PRO
PRO
കോട്ടയം സ്വദേശിനിയായ ഒരു നഴ്സിന്റെ മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും കഥ പറയുന്ന ചിത്രമാണ് ആഷിക് അബു ഒരുക്കിയ ‘22 ഫീമെയില്‍ കോട്ടയം’. ഭീകരമായ ജീവിത യാഥാര്‍ത്ഥ്യങ്ങളിലൂടെ സഞ്ചരിക്കേണ്ടിവരുന്ന ഒരു പെണ്‍കുട്ടി സമൂഹത്തിന്റെ ക്രൂരമായ വിധിക്ക് പാത്രമാകേണ്ടിവരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അതേസമയം ചിത്രത്തില്‍ നഴ്സുമാരെ മോശമായി ചിത്രീകരിച്ചു എന്ന വിമര്‍ശനം പല കോണുകളില്‍ നിന്നും ഉയരുന്നുമുണ്ട്.

എന്നാല്‍ ചിത്രത്തിലെ നായികാ കഥാപാത്രമായ കെ ഏബ്രഹാം എന്ന കോട്ടയം സ്വദേശിനിയായ നഴ്സിനെ അവതരിപ്പിച്ച റിമ കല്ലിങ്കല്‍ ഈ ആരോപണം നിഷേധിക്കുകയാണ്. നഴ്സുമാരെ ഒരിക്കലും അധിക്ഷേപിക്കാന്‍ ചിത്രം ശ്രമിച്ചിട്ടില്ലെന്ന് റിമ പറയുന്നു. ടെസ ചിത്രത്തിലെ മാലാഖയാണ്. നഴ്സ് ആകാന്‍ വേണ്ടി ജനിച്ച എത്രയോ കോട്ടയംകാരി പെണ്‍കുട്ടികളുടെ പ്രതിനിധിയാണ് ടെസ. അവള്‍ ഒരിക്കലും ഒരു ചീത്ത പെണ്ണല്ലെന്നും കോട്ടയത്ത് നിന്നുള്ള പെണ്‍കുട്ടികളെ മോശമായി ചിത്രീകരിക്കുന്നതല്ല സിനിമയുടെ ല‌ക്‍ഷ്യമെന്നും റിമ ഒരു സിനിമാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ഇത്ര കരുത്തേറിയ കഥാപാത്രം താന്‍ ചെയ്താല്‍ ശരിയാ‍കുമോ എന്ന ചിന്ത പലവട്ടം മനസ്സില്‍ വന്നിരുന്നു. എന്നാല്‍ സംവിധായകന്‍ ആഷികിന് നല്ല ആത്മവിശ്വസമുണ്ടായിരുന്നു. ‘22 എഫ് കെ‘യ്ക്ക് മുമ്പും ശേഷവും എന്ന രീതിയില്‍ ആയിരിക്കും റിമയുടെ കരിയര്‍ വിലയിരുത്തപ്പെടുക എന്നും പറഞ്ഞു. അതിപ്പോള്‍ സത്യമായിരിക്കുകയാണെന്നും റിമ പറയുന്നു. ചിത്രം കണ്ട് സംവിധായകരായ ഫാസില്‍, കമല്‍, ലാല്‍ജോസ്, മേജര്‍ രവി എന്നിവര്‍ വിളിച്ചിരുന്നു. നടി മഞ്ജു വാര്യരും ഒപ്പം സംവൃത സുനില്‍, ആന്‍ അഗസ്റ്റില്‍ തുടങ്ങിയവരും വിളിച്ച് അഭിനന്ദിച്ചു എന്നും റിമ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :