ഫഹദ് ഫാസിലിന്‍റെ വരവ് മലയാള സിനിമയ്ക്ക് വരുത്തിയ മാറ്റം ചില്ലറയല്ല. സൂപ്പര്‍താര സിനിമകളിലും വമ്പന്‍ തിരക്കഥാകൃത്തുക്കളുടെ ഡയലോഗ് ഓറിയന്‍റഡ് തിരക്കഥകളിലും കുടുങ്ങിക്കിടന്ന മലയാള സിനിമ ‘മള്‍ട്ടിപ്ലക്സ് സംസ്കാര’ത്തിലേക്ക് വളര്‍ന്നത് ഫഹദിന്‍റെ വരവോടെയാണ്. ഫഹദിനെ കേന്ദ്രീകരിച്ച് ചെറിയ സിനിമകള്‍ സൃഷ്ടിക്കപ്പെടാന്‍ തുടങ്ങി.
ഹിന്ദി സിനിമയ്ക്ക് അഭയ് ഡിയോളിനെപ്പോലെ, രാഹുല്‍ ബോസിനെപ്പോലെ, ഇര്‍ഫാന്‍ ഖാനെപ്പോലെയാണ് മലയാളത്തിന് ഫഹദ് ഫാസില്‍. യൂണിവേഴ്സലായ ഒരു മുഖവും യൂണിവേഴ്സലായ ഒരു അഭിനയ ശൈലിയും എല്ലാവരും ഷാനു എന്നുവിളിക്കുന്ന ഫഹദിനുണ്ട്. ഫഹദിനൊപ്പം അഭിനയിക്കുന്ന താരങ്ങളും അദ്ദേഹത്തിന്‍റെ പെര്‍ഫോമന്‍സിനെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നു.
“മലയാളത്തില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ച നടനാണ് ഫഹദ് ഫാസില്‍. ഏറെ കഴിവുള്ള നടനാണ്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നത് വളരെ സന്തോഷകരമായ അനുഭവമാണ്. ഞങ്ങള്‍ തമ്മില്‍ ഒരു കെമിസ്ട്രിയുണ്ട്. അത് അഭിനയം കൂടുതല്‍ ഈസിയാക്കുന്നു” - റിമ കല്ലിങ്കല്‍ പറയുന്നു.
ആഷിക് അബു സംവിധാനം ചെയ്യുന്ന ‘22 ഫീമെയില്‍ കോട്ടയം’ എന്ന ചിത്രത്തിലാണ് ഫഹദ് ഫാസിലും റിമ കല്ലിങ്കലും ഒന്നിച്ച് അഭിനയിക്കുന്നത്. മുമ്പ് കേരളാ കഫെയിലെ ‘മൃത്യുഞ്ജയം’ എന്ന ഷോര്‍ട്ട് ഫിലിമില്‍ റിമയും ഫഹദും ഒന്നിച്ചിരുന്നു. ‘അന്നുമുതലേ ഞങ്ങള്‍ സുഹൃത്തുക്കളാണ്” - ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ റിമ പറയുന്നു.