ഗായിക ദീപാ മറിയം വീട്ടുതടങ്കലില്‍!

Deepa Mariyam
WEBDUNIA|
PRO
PRO
'കണ്‍കള്‍ ഇരണ്ടാല്‍' എന്ന സൂപ്പര്‍ ഹിറ്റ് ഗാനം ആലപിച്ച മലയാളിയായ ദീപാ മറിയം മാതാപിതാക്കളുടെ വീട്ടുതടങ്കലിലാണെന്ന് വാര്‍ത്ത. മുപ്പത്തിയൊന്നുകാരിയായ ദീപാ മറിയത്തെ മാതാപിതാക്കള്‍ വീട്ടുതടങ്കലില്‍ വച്ചിരിക്കുകയാണെന്ന് കാണിച്ച് ഭര്‍ത്താവും കരുനാഗപ്പള്ളി സ്വദേശിയുമായ എന്‍‌എ ജോണ്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍‌കിയിരിക്കുകയാണ്.

ഗായികയായ ദീപാ മറിയവും ജോണ്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. രജിസ്റ്റര്‍ വിവാഹം ചെയ്ത് ഒരുമിച്ച് ഇവര്‍ താമസിക്കുന്നതിനിടയില്‍ ആണ് ‘സുബ്രഹ്മണ്യപുരം’ എന്ന സിനിമയ്ക്ക് വേണ്ടി പാടാന്‍ ദീപയ്ക്ക് അവസരം ലഭിക്കുന്നതും പാട്ട് സൂപ്പര്‍ ഹിറ്റ് ആകുന്നതും. തുടര്‍ന്ന് ദീപയ്ക്ക് അവസരങ്ങളുടെ മഴയായിരുന്നു.

മകള്‍ പ്രശസ്തയായി എന്നറിഞ്ഞതോടെ മാതാപിതാക്കള്‍ സ്നേഹം നടിച്ച് തങ്ങളുടെ വീട്ടില്‍ വരികയും ദീപയെ അനുനയിപ്പിച്ച് അവരോടൊപ്പം കൊണ്ടുപോവുകയും ആയിരുന്നു എന്നാണ് ജോണ്‍ പറയുന്നത്. ദീപയുടെ മാതാപിതാക്കള്‍ ദീപയെ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയണ് എന്ന് കാണിച്ച് ജോണ്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പൊലീസിനോട് കേസ് അന്വേഷിക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.

‘നാന്‍ അവനല്ലൈ’ എന്ന ചിത്രത്തിലൂടെയാണ്‌ ദീപാ മറിയം ചലച്ചിത്ര ഗാനരംഗത്തേക്ക്‌ കടന്നുവരുന്നത്‌. നിരവധി അവാര്‍ഡുകളും ഇതിനകം ദീപയ്ക്ക് ലഭിച്ചിട്ടുണ്ട്. യുഎഇയില്‍ ജനിച്ച ദീപ എന്‍ജിനീയറിംഗ്‌ ബിരുദധാരി കൂടിയാണ്‌. തമിഴിലും തെലുങ്കിലും ഏറെ തിരക്കുള്ള പിന്നണി ഗായികയാണ്‌ ദീപാ മറിയം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :