ലക്നൌ സുന്ദരി വേദിത പ്രതാപ് സിംഗിന്റെ ആദ്യ ചിത്രം ബിന്ദി ബസാര്‍ പ്രദര്‍ശനത്തിന് തയ്യാറായി. വേദിതയ്ക്ക് ഇപ്പോള്‍ ഒന്നു മാത്രമേ പറയാനുള്ളൂ. സിനിമയിലെ ചില സീനുകള്‍ കണ്ട് തന്റെ അമ്മ ഞെട്ടരുത്! ചിത്രത്തിലെ പ്രണയരംഗങ്ങളില്‍ തന്റെ പ്രകടനം കണ്ട് അമ്മ എങ്ങനെ പ്രതികരിക്കും എന്നാണ് വേദിതയുടെ ഇപ്പോഴത്തെ വേവലാതി.
ഇരുപത്തിനാലുകാരിയായ വേദിത സിനിമയില്‍ അഭിനയിക്കുന്നതില്‍ വീട്ടുകാര്‍ അത്ര താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. വേദിതയുടെ ജോലിയുടെ സ്വഭാവം തങ്ങള്‍ക്കറിയാമെന്നും, അതേസമയം അന്തസും അഭിമാനവും കളഞ്ഞു കുളിക്കുന്ന രീതിയിലേക്ക് പോകരുതെന്നും വീട്ടുകാര്‍ ഈ പെണ്‍കുട്ടിക്ക് നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
തന്റെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ ഏതറ്റം വരെയും പോകുന്ന ഷബാന എന്ന പെണ്‍കുട്ടിയെയാണ് വേദിത ബിന്ദി ബസാറില്‍ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ സ്വഭാവം ഏറെക്കുറെ പിടികിട്ടിക്കാണുമല്ലോ? വിവാദമായേക്കാവുന്ന രണ്ട് പ്രണയരംഗങ്ങളാണ് ഈ ചിത്രത്തില്‍ ഉള്ളത്. പവന് മല്‍ഹോത്രയാണ് ഒരു സീനില്‍ വേദിതയ്ക്കൊപ്പം പ്രത്യക്ഷപ്പെടുന്നത്, മറ്റൊന്നില്‍ പ്രശാന്ത് നാരായണും.
പരിചിതമല്ലാത്ത രീതില്‍ അഭിനയിക്കേണ്ടി വന്നപ്പോള്‍ തുടക്കത്തില്‍ താന്‍ അല്പം ബുദ്ധിമുട്ടി. എന്നാല്‍ ഷബാനയെപ്പോലൊരു കഥാപാത്രം പൂര്‍ണ്ണത കൈവരിക്കണം എന്ന ബോധം വന്നതോടുകൂടി തന്റെ ആശയപ്പുഴപ്പം മാറി- വേദിത പറയുന്നു.
ഗ്ലാമര്‍ അനിവാര്യമാണെന്ന് തന്നെയാണ് വേദിതയുടെ ഭാഷ്യം. എന്നാല്‍ മേനി പ്രദര്‍ശനം അരോചകമാകുമ്പോള്‍ പ്രേക്ഷകര്‍ പൊറുക്കില്ലെന്നും ഈ പുതുമുഖ നായിക പറയുന്നു.
താന്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള വേഷങ്ങള്‍ കിട്ടാതെ വന്നാല്‍ മിനിസ്ക്രീനിലേക്ക് തന്നെ തിരിച്ചു പോകും എന്നും വേദിത പറയുന്നുണ്ട്.