പാശ്ചാത്യ സൈന്യത്തിന്റെ സഹായത്തോടെ ലിബിയയില്‍ വിമതര്‍ മുന്നേറുന്നതിനിടെ ഗദ്ദാഫിയുടെ സൈന്യത്തെ ഉത്തേജിപ്പിക്കാന്‍ നീലക്കണ്ണുകളും സ്വര്‍ണത്തലമുടിയും ഉള്ള സുന്ദരി! ഗദ്ദാഫിയുടെ മകള്‍ ആയിഷയാണ് യുദ്ധരംഗത്ത് സജീവമായിട്ടുള്ളത്. മുപ്പത്തിനാലുകാരിയായ ഈ അഭിഭാഷകയ്ക്ക് യുദ്ധവും പോരാട്ടവും പുത്തരിയല്ല. ഇറാഖി മുന്‍ പ്രസിഡന്റ് സദ്ദാം ഹുസ്സൈനിനെതിരെ പാശ്ചാത്യരായ ചെകുത്താന്റെ വക്കീലന്മാര്‍ അണിനിരന്നപ്പോള്‍ എതിര്‍സ്ഥാനത്ത് ആയിഷയുടെ ഗോത്രവര്‍ഗ്ഗ വീര്യം ജ്വലിച്ചു നിന്നത് ലോകം കണ്ടതാണ്.
‘ഉത്തര ആഫ്രിക്കയുടെ ക്ലോഡിയ ഷിഫര്‍’ എന്ന വിശേഷണവും ഈ സുന്ദരിക്ക് പാശ്ചാത്യര്‍ കനിഞ്ഞു നല്‍കിയിട്ടുണ്ട്. ഫാഷന്‍ വസ്ത്രങ്ങള്‍ അണിയുന്നതിലും പ്രദര്‍ശന ഔത്സുക്യത്തിലും ജര്‍മന്‍ മോഡലായ ക്ലോഡിയ ഷിഫറിനെ വെല്ലുന്ന പ്രകടനമാണ് ആയിഷ കാഴ്ച വെയ്ക്കാറുള്ളത്. ആയിഷയുടെ അസാധ്യ സൌന്ദര്യം ഏത് വിമത യുവാവിനെയും വശീകരിക്കാന്‍ പോന്നതാണെന്ന കാര്യത്തില്‍ ‘പേജ് ത്രീ’ വാര്‍ത്തകളെല്ലാം യോജിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ട്രിപ്പോളിയില്‍ ഗദ്ദാഫിയുടെ രാഷ്ട്രത്തിന്റെ പതാകയുമേന്തി ആയിഷ തെരുവില്‍ പ്രത്യക്ഷപ്പെട്ടു. മുഖാവരണം അണിഞ്ഞുകൊണ്ടാണ് ആയിഷ പൊതുജന മധ്യത്തിലേക്ക് വന്നത്. തന്റെ ഇളയ സഹോദരന്‍ ഖാമസിനെ കൊന്നതില്‍ പ്രതികാരം ചെയ്യുവാന്‍ ലിബിയന്‍ ജനതയുടെ സഹായം ആവശ്യപ്പെട്ടുകൊണ്ടാണ് ആയിഷ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തത്.
അമേരിക്കന്‍ സേനയുടെ കടന്നുകയറ്റത്തില്‍ തന്റെ സഹോദരിയുടെ പുത്രി ഹനാന്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് ആയിഷ വികാരഭരിതയായി. രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് അവര്‍ അറിയിച്ചു. ഗദ്ദാഫി ഒരു മഹാനായ നേതാവാണെന്ന് പാശ്ചാത്യ അധിനിവേശകരുടെ പ്രചാരണങ്ങളില്‍ കുടുങ്ങി ജനങ്ങള്‍ മറക്കരുതെന്ന് ആയിഷ ആവശ്യപ്പെട്ടു. പിതാവിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഐക്യരാഷ്‌ട്രസഭയിലെ ഗുഡ്‌വില്‍ അംബാസ്സഡര്‍ സ്ഥാനം രാജി വെച്ചിരിക്കുകയാണ് ആയിഷ.