ബലാത്സംഗത്തിന് ഇരയായ സ്ത്രീകളില്‍ നടത്തുന്ന ‘ഫിംഗര്‍ ടെസ്റ്റ്’ (വിരല്‍ ഉപയോഗിച്ചുള്ള പരിശോധന) കാലോചിതമല്ലാത്ത മുറയാണെന്നും അതൊഴിവാക്കേണ്ട സമയമായെന്നും കേന്ദ്ര ആരോഗ്യവകുപ്പ്. നിയമപരമായ തെളിവായി പരിഗണിക്കപ്പെടുന്ന സാഹചര്യത്തില്‍ മാത്രമേ ബലാത്സംഗ ഇരകളില്‍ വിരല്‍ ഉപയോഗിച്ചുള്ള പരിശോധന നടത്തേണ്ടതുള്ളൂ എന്ന് ആരോഗ്യവകുപ്പ് വിജ്ഞാപനം ഇറക്കിക്കഴിഞ്ഞു.
സ്ത്രീയുടെ യോനിയില്‍ എന്തെങ്കിലും തരത്തിലുള്ള അസാധാരണത്വം ഉണ്ടോ എന്ന് അറിയാനായി നടത്തുന്ന പരിശോധനയാണ് ‘പെര്‍ വജൈനും എക്സാമിനേഷന്‍’ എന്ന് മെഡിക്കല്‍ പദാവലി വിശേഷിപ്പിക്കുന്ന ‘ഫിംഗര്‍ ടെസ്റ്റ്’. ഗര്‍ഭധാരണം അറിയാനായും യോനിയില്‍ മുറിവോ നീരോ ഉണ്ടോ എന്ന് അറിയാനും നിര്‍ബന്ധിത ലൈംഗികബന്ധത്തിന് സ്ത്രീ വിധേയയായിട്ടുണ്ടോ എന്ന് മനസിലാക്കാനും ഇന്ത്യയില്‍ എമ്പാടുമുള്ള ഗൈനക്കോലജിസ്റ്റുകള്‍ പിന്തുടര്‍ന്ന് വരുന്ന മുറയാണിത്.
ഫിംഗര്‍ ടെസ്റ്റിനെ ലോകത്തെമ്പാടുമുള്ള സ്ത്രീസംഘടനകള്‍ വിമര്‍ശിച്ച് വരുന്നുണ്ട്. സ്ത്രീ സംഘടനകളുടെ എതിര്‍പ്പിനാല്‍ വികസിത രാജ്യങ്ങള്‍ ഈ രീതി ഉപേക്ഷിക്കപ്പെട്ട് കഴിഞ്ഞു. എന്നാല്‍, ഇന്ത്യ പോലുള്ള മൂന്നാംലോക രാജ്യങ്ങളില്‍ ഈ രീതി ഇപ്പോഴും നിര്‍ബാധം തുടരുകയാണ്. ഇതിനിടയിലാണ്, ആരോഗ്യവകുപ്പ് ഈ രീതി പരിമിതപ്പെടുത്തിക്കൊണ്ട് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
ലിംഗവിവേചനപരവും പ്രാകൃതവുമാണ് ഈ രീതിയെന്നാണ് സ്ത്രീ സംഘടനകള്‍ പറയുന്നത്. മിക്കപ്പോഴും ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെ സമ്മതത്തിന് കാക്കാതെയാണ് ഗൈനക്കോളജിസ്റ്റുകള്‍ ഫിംഗര്‍ ടെസ്റ്റ് നടത്തുക. ബലാത്സംഗത്തിനാല്‍ അപമാനിതയായ സ്ത്രീയെ ഒരിക്കല്‍ കൂടി അപമാനിക്കുന്നതിന് തുല്യമാണിത്. പരിശോധനാ ഫോമില്‍ പൂരിപ്പിക്കേണ്ട കാര്യങ്ങളില്‍ ഒന്ന് ഭഗശിശ്നികയുടെ വലുപ്പമാണ്. ഇതിന്റെ വലുപ്പത്തെ അടിസ്ഥാനപ്പെടുത്തി ‘പെണ്ണ് പെശക്’ ആണ് എന്ന് വിശേഷിപ്പിക്കുന്ന സ്ഥിതിവിശേഷവും നടപ്പിലുണ്ടെത്രെ!
ആരോഗ്യവകുപ്പിന്റെ പുതിയ വിജ്ഞാപനം അനുസരിച്ച് ഫിംഗര്‍ ടെസ്റ്റ് നടത്തേണ്ടത് അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രമാണ്, ഒപ്പം ഇത് നടത്താന്‍ ഇരയുടെ സമ്മതവും വേണം. പരിശോധനാ ഫോമില്‍ പൂരിപ്പിക്കേണ്ട പല കാര്യങ്ങളും പുതിയ ഫോമില്‍ ആരോഗ്യവകുപ്പ് ഒഴിവാക്കിയിട്ടുമുണ്ട്. പിതാവ് മദ്യപിക്കുമോ, വീട്ടില്‍ വഴക്കുണ്ടോ, ഇരയ്ക്ക് മാനസിക വിഭ്രാന്തി ഉണ്ടോ, ധരിച്ചിരിക്കുന്നത് അടിപൊളി വസ്ത്രമാണോ തുടങ്ങിയ ചോദ്യങ്ങളൊക്കെ പുതിയ ഫോമില്‍ ഒഴിവാക്കിയിട്ടുണ്ട്. കൂട്ടിച്ചേര്‍ത്തിരിക്കുന്ന വിവരങ്ങളില്‍ രക്തമര്‍ദ്ദം, ഹൃദയമിടിപ്പ്, ശ്വസനനിരക്ക് എന്നിവയുണ്ട്.