ഹൃദ്രോഗമുണ്ട്, ജാമ്യം വേണം: സന്തോഷ് മാധവന്‍

തിരുവനന്തപുരം| WEBDUNIA|
PRO
പ്രായപൂര്‍ത്തിയാകാത്ത 3 പെണ്‍കുട്ടികളെയും പ്രായപൂര്‍ത്തിയായ ഒരു സ്‌ത്രീയേയും പീഡിപ്പിച്ച കേസില്‍ പതിനാറ്‌ വര്‍ഷത്തെ തടവ് അനുഭവിക്കുന്ന തനിക്ക് ജാമ്യം തരണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് മാധവന്‍ ഹൈക്കോടതിയെ സമീപിച്ചു. തനിക്ക് ഹൃദ്രോഗമുണ്ടെന്നും വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്നും കാണിച്ചാണ് ‘സ്വാമി അമൃതചൈതന്യ’ എന്ന സന്തോഷ്‌ മാധവന്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് സന്തോഷ് മാധവനിപ്പോള്‍ കഴിയുന്നത്. സന്തോഷ് മാധവന്‍ ഹൃദ്രോഗിയാണെന്ന് കാണിച്ച് ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഹൃദ്രോഗത്തിന്റേതായ യാതൊരു അസ്വസ്ഥതകളും അസുഖങ്ങളും സന്തോഷ് മാധവനില്ല എന്ന് ജയില്‍ അധികൃതര്‍ പറയുന്നു.

തടവില്‍ കഴിയുന്ന സന്തോഷ് മാധവന് തുന്നല്‍‌പണിയാണ് അനുവദിച്ചിരിക്കുന്നത്. തടവുകാര്‍ക്കുള്ള ഷര്‍‌ട്ടും ട്രൌസറും തുന്നിത്തയ്യാറാക്കുകയാണ് സന്തോഷ് മാധവന്റെ ചുമതല. അത്യാവശ്യം അധ്വാനമുള്ള ഈ ജോലിയില്‍ നിന്ന് ഊരാന്‍ സന്തോഷ മാധവന്‍ 2009-ല്‍ തന്നെ ശ്രമിച്ചിരുന്നു.

തുണിയില്‍ നിന്നുള്ള പൊടി കാരണം തനിക്ക് അലര്‍ജി ഉണ്ടാകുന്നു എന്നതിനാല്‍ ജോലി മാറ്റിത്തരണമെന്നായിരുന്നു സന്തോഷ് മാധവന്റെ ആവശ്യം. ജയില്‍ വളപ്പില്‍ തടവുകാര്‍ക്കുവേണ്ടി മാത്രമുളള ശ്രീകൃഷ്‌ണ ക്ഷേത്രത്തില്‍ ശാന്തിക്കാരനാകാന്‍ തനിക്ക് ‘സന്തോഷമേയുള്ളൂ’ എന്നും സന്തോഷ് മാധവന്‍ അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍, ഭൂരിപക്ഷം തടവുകാരും സന്തോഷ് മാധവന്‍ ശാന്തിക്കാരനാകുന്നതിനെ എതിര്‍ത്തു. അതോടെ ‘സ്വാമി’യുടെ ശാന്തിക്കാരനാകാനുള്ള മോഹം പൊലിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :