നിഖിലിനെതിരെ പരാതിയില്ല: മന്ത്രി ബാലന്‍

തിരുവനന്തപുരം| WEBDUNIA|
PRO
തന്‍റെ മകനെതിരേ ഒരു പെണ്‍കുട്ടിയും പരാതി നല്‍കിയിട്ടില്ലെന്നു വൈദ്യുതി മന്ത്രി എ.കെ. ബാലന്‍. തിരുവനന്തപുരം ലോ കോളെജില്‍ മര്‍ദ്ദനത്തിനിരയായ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ തന്‍റെ മകനില്ല. ഇക്കാര്യം പ്രതിപക്ഷ നേതാവ് തന്നോടു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മക്കള്‍ക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് മന്ത്രിമാരെ അപകീര്‍ത്തിപ്പെടുത്താന്‍ യുഡിഎഫ് നടത്തുന്ന ഗൂഡനീക്കം ആണിതെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ആരോപിച്ചിട്ടുണ്ട്.

ഇതിനിടെ, നിയമ വിദ്യാര്‍ഥിനിയെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി അപമാനിച്ച കേസില്‍ മന്ത്രിപുത്രന്റെ പേരില്‍ കേസെടുക്കണമെന്നും അറസ്റ്റുചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശൃര്‍ വിജിലന്‍സ്‌ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. വൈദ്യുതി മന്ത്രി എ കെ ബാലന്റ പുത്രന്‍ നിഖില്‍, വനിതാ കമ്മീഷന്‍ അധ്യക്ഷ ഡി ശ്രീദേവി, മ്യൂസിയം എസ്‌ഐ സുരേഷ്‌ ബാബു എന്നിവര്‍ക്കെതിരെ കേസെടുത്ത്‌ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം ലോ കോളജില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിനിയുടെ കരണത്ത്, ഏഴ് മാസം മുമ്പ് നിഖില്‍ അടിച്ചതാണ് വിവാദങ്ങള്‍ക്ക് വഴി വച്ചത്. അടിച്ചത് ‘വി‌ഐപി’ ആയതിനാല്‍ കൊളേജ് അധികൃതര്‍ സംഭവം ഒത്തുതീര്‍പ്പാക്കി എന്നും ആരോപണമുണ്ട്. എന്തായാലും, തുടര്‍ന്നും മന്ത്രിപുത്രനും ചില കൂട്ടുകാരും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തികൊണ്ടിരുന്നുവെത്രെ. അവസാനം, ഇക്കഴിഞ്ഞ ജനുവരി 24-ന് മൂന്നു വിദ്യാര്‍ഥികള്‍ ഈ കുട്ടിയെ റോഡില്‍ തടഞ്ഞുനിര്‍ത്തി അപമാനിക്കുകയും ചെയ്തുവെത്രെ.

അടുത്ത ദിവസം തന്നെ പെണ്‍കുട്ടി സിറ്റി പോലീസ്‌ കമ്മീഷണറുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കി. അവസാനം മാധ്യമങ്ങള്‍ ഈ സംഭവം ഏറ്റുപിടിച്ചപ്പോഴാണ് കമ്മീഷണര്‍ ഓഫീസിന് ജീവന്‍ വച്ചത്. അപ്പോഴേക്കും 24 ദിവസം കഴിഞ്ഞിരുന്നു. കേസെടുത്തിട്ടു പോലും മൊഴിയെടുക്കാന്‍ പോലീസ്‌ തയ്യാറായില്ല. പിന്നീട്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി ഇടപെട്ടശേഷമാണ്‌ മൊഴിയെടുക്കുന്നത്‌.

തിരുവനന്തപുരത്തെ പിഎംജിയില്‍ നടന്ന സംഭവത്തെ തുടര്‍ന്ന് പൊലീസില്‍ നല്‍കിയ പരാതിയിലോ തുടര്‍ന്ന് പൊലീസിനു നല്‍കിയ മൊഴിയിലോ മന്ത്രി ബാലന്റെ മകന്റെ പേര് വിദ്യാര്‍ത്ഥിനി പരാമര്‍ശിച്ചിട്ടില്ല എന്ന കാര്യം ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :