ഗുരുവായൂര്‍ കേശവന്‍ കേരളത്തിലെ ഏറ്റവും പ്രശസ്തനും തലയെടുപ്പുള്ളവനുമായിരുന്ന ആനയായിരുന്നു. ഗുരുവായൂരപ്പന്‍റെ തിടമ്പേറ്റിയ കേശവനെ ആളുകള്‍ ഈശ്വരനെപ്പോലെ കരുതി വന്ദിച്ചിരുന്നു.
കേശവന്‍റെ പേരില്‍ ഒട്ടേറെ ആനക്കഥകളുമുണ്ട്. അതുകൊണ്ടാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുവായൂര്‍ കേശവന്‍ എന്ന പേരില്‍ ഒരു സിനിമ ഉണ്ടായത്. എന്നാല്‍ ഈ സിനിമ മാത്രം പോര ഗുരുവായൂര്‍ കേശവനെ സ്മരിക്കാന്‍ എന്നാണ് ആനക്കമ്പക്കാരുടെ കണ്ടെത്തല്‍.
ഗുരുവായൂരില്‍ ഗജകേസരിയായ കേശവന്‍റെ പൂര്‍ണ്ണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. മനുഷ്യനു കിട്ടുന്ന എല്ലാ പ്രശസ്തിയും പരിഗണനകളും ഈ ആനയ്ക്കും കിട്ടുന്നു. ഇപ്പോഴിതാ ഗുരുവായൂര്‍ കേശവന്‍റെ കഥകള്‍ ഒരു മെഗാ സീരിയലായി മാറുന്നു. കടമറ്റത്തു കത്തനാരെപ്പോലെ ഗുരുവായൂര്‍ കേശവനും ഇനി നമ്മുടെ രാത്രികളെ ധന്യമാക്കും.
ഈ സീരിയലില്‍ ഗുരുവായൂര്‍ കേശവനായി അഭിനയിക്കാനായി ഒരു ഗജ അഭിനേതാവിനെ കണ്ടെത്തിക്കഴിഞ്ഞു. അത് മറ്റാരുമല്ല കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള ആന (ശരിക്ക് പറഞ്ഞാല്‍ ഗുരുവായൂര്‍ കേശവനേക്കാള്‍ തലയെടുപ്പുള്ള ) തെച്ചിക്കോട്ട്കാവിലെ രാമചന്ദ്രനാണ് സീരിയലില്‍ ഗുരുവായൂര്‍ കേശവന്‍റെ വേഷം കെട്ടുന്നത്.
ഇതിലൊരു ബാലതാരമുണ്ട് - കുഞ്ഞുകേശവനായി വേഷമിടുന്നത് ചിറയ്ക്കല്‍ ശിവനെന്ന കുട്ടിക്കൊമ്പനാണ്. ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍ തിരക്കഥയും സംഭാഷണവും എഴുതുന്ന സീരിയലില്‍ മുരളീകൃഷ്ണനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഇതില്‍ എം.ഡി.രാജേന്ദ്രന്‍റെ ഗാനങ്ങളും ഉണ്ട്.