‘ഞാൻ എന്നാ വൃത്തികെട്ട പെണ്ണാ, ഞാനിതൊക്കെ എവിടുന്ന് പഠിച്ചതാണോ’ - കോടതിമുറിക്കുള്ളിൽ തുപ്പിയതിൽ പശ്ചാത്താപിച്ച് എലീന

ചിപ്പി പീലിപ്പോസ്| Last Updated: വെള്ളി, 6 മാര്‍ച്ച് 2020 (09:46 IST)
ബിഗ് ബോസിനെ പോലും ഞെട്ടിച്ച ടാസ്ക് ആയിരുന്നു ‘വെള്ളരിപ്രാവുകൾ’. സമാധാന അന്തരീക്ഷം കൊണ്ടുവരുന്നതിന്റെ ഭാഗമായി നടത്തിയ കോടതി ടാസ്ക് പക്ഷേ ഹൌസിനുള്ളിൽ ഉണ്ടായിരുന്ന സമാധാനം കൂടി കളയുന്നതായിരുന്നു. അടിപിടികൾക്കും വീഴ്ചകൾക്കും ഒടുവിൽ ബിഗ് ബോസ് നേരിട്ട് ടാസ്ക് റദ്ദാക്കുകയായിരുന്നു.

അവസാന ദിവസം നടന്ന കേസ് എലീനയുടേയും സുജോയുടെയുമായിരുന്നു. എലീനയായിരുന്നു പരാതിക്കാരി. ആദ്യ ആഴ്ചയിൽ സുജോയെ അലവലാതി എന്നു വിളിച്ചപ്പോൾ സുജോ തിരിച്ച് ‘ആൺ പിള്ളേരെ ബഹുമാനിക്കാൻ പഠിക്ക്‘ എന്ന് പറഞ്ഞ് എലീനയെ ‘എടീ പോടീ’ എന്ന് വിളിച്ചിരുന്നു. ‘നിന്റെ പുറകേ നടക്കുന്ന ചെക്കന്മാരുടെ കൂട്ടത്തിൽ എന്നെ കൂട്ടുകയും വേണ്ട‘ എന്നായിരുന്നു സുജോ പറഞ്ഞിരുന്നത്.

ഇത് ചൂണ്ടിക്കാണിച്ചായിരുന്നു കേസ് നൽകിയത്. താനെന്ന സ്ത്രീയെ അപമാനിച്ചെന്നായിരുന്നു എലീന പറഞ്ഞത്. എന്നാൽ, തന്നെ അലവലാതി എന്ന് വിളിച്ചതിന് മറുപടിയായിട്ടായിരുന്നു അങ്ങനെ പറഞ്ഞതെന്ന് സുജോയും പറഞ്ഞു. സുജോയ്ക്കായി കേസ് വാദിച്ചത് പാഷാണം ഷാജി ആയിരുന്നു. രണ്ട് എൽകെജി പിള്ളെർ പിച്ചി മാന്തി എന്ന് പറഞ്ഞുള്ള ചീള് കേസായിട്ടാണ് ഷാജി ഇതിനെ അവതരിപ്പിച്ചത്.

സാക്ഷിയായ് സാന്ദ്രയായിരുന്നു ഉണ്ടായിരുന്നത്. എലീന അലവലാതി എന്ന് വിളിച്ചെന്നും തുടക്കത്തിൽ സുജോ എലീനയുമായിട്ടായിരുന്നു കൂട്ടെന്നും പിന്നീട് താനുമായി അടുപ്പത്തിലായതിൽ എലീനയ്ക്ക് കുശുമ്പുണ്ടായിരുന്നുവെന്നും അതാണ് അത്തരത്തിൽ എലീന പ്രതികരിച്ചതെന്നും സാന്ദ്ര പറഞ്ഞപ്പോൾ എലീന കോടതി മുറിക്കുള്ളിൽ തുപ്പുകയായിരുന്നു.

ഇല്ലാത്ത കാര്യം സാന്ദ്ര പറഞ്ഞപ്പോഴുണ്ടായ പ്രകോപനത്തിലാണ് എലീ‍ന അങ്ങനെ ചെയ്തത്. എന്നാൽ, സാങ്കൽപ്പിക കോടതി ആണെങ്കിൽ പോലും അത്തരത്തിൽ ചെയ്യാൻ പാടില്ലായിരുന്നു എന്ന് ഏവരും ഒരെ സ്വരത്തിൽ പറഞ്ഞു. പരാതിയിൽ ന്യായമുണ്ടോ എന്ന് ഭൂരിപക്ഷ അഭിപ്രായത്തിനായി ഷാജി കാണികളോട് ചോദിക്കുകയും ഭൂരിപക്ഷം എലീനയ്ക്ക് ഒപ്പം നിൽക്കുകയും ചെയ്തു.

കേസിനു ശേഷം സുജോ മറ്റുള്ളവരോട് പറഞ്ഞിരുന്നു ‘എലീന തന്റെ മുഖത്ത് തുപ്പിയത് പോലെ’ ആണ് ഫീൽ ആയതെന്ന്. എന്നാൽ, എലീന സാന്ദ്രയ്ക്കുള്ള മറുപടി എന്നോണമായിരുന്നു അങ്ങനെ ചെയ്തത്. അതും തെറ്റായിട്ടാണ് സുജോ എടുത്തിരിക്കുന്നത്. എലീനയുടെ ആ പ്രവൃത്തിയിലൂടെ അവളെ ‘ആട്ടിൻ തോലിട്ട ചെന്നായ’ എന്ന് രജിത് കുമാർ വീണ്ടും അധിക്ഷേപിച്ചു.

ഇതിനു പിന്നാലെ, ഫുക്രുവിനോടും രേഷ്മയോടും എലീന തന്നെ സമ്മതിക്കുന്നുണ്ട്. വളരെ വൃത്തികെട്ട പെരുമാറ്റം ആയി പോയി അതെന്നും ഇമ്മാതിരി വൃത്തികേടൊക്കെ എവിടുന്നാണ് താൻ പഠിച്ചതെന്നും എലീന തുറന്നു ചോദിക്കുന്നുണ്ട്. ഇത് കണ്ടാൽ വീട്ടിൽ ചെല്ലുമ്പോൾ അച്ഛനും അമ്മയും വഴക്ക് പറയുമെന്നും എലീന പറയുന്നുണ്ട്.

സുജോയോട് മിണ്ടുന്നതിനു തനിക്ക് കുശുമ്പ് ഉണ്ടെന്ന് സാന്ദ്ര പറഞ്ഞതായിരുന്നു എലീന ചൊടിപ്പിച്ചത്. തന്റെ മനസിൽ ഇല്ലാത്ത ഒരു കാര്യം ഇത്ര ഉറപ്പിച്ച് സാന്ദ്ര അനാവശ്യമായി പറഞ്ഞതിലുണ്ടായ ദേഷ്യത്തിൽ എലീന പ്രതികരിച്ചതായിരുന്നു അത്. അത് വളരെ മോശമായി പോയെന്ന് എലീന തന്നെ സമ്മതിക്കുന്നുണ്ട്. എന്നിട്ടും അവൾക്ക് നേരെയുള്ള കരിവാരിതേയ്ക്കലുകൾക്ക് യാതോരു പഞ്ഞവുമില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :