മോഹൻലാലിനെ കൊണ്ട് പറ്റുന്ന പണിയല്ല ഇത്, വേറെ ആളെ നോക്കി‌ക്കൂടേ?

ചിപ്പി പീലിപ്പോസ്| Last Modified തിങ്കള്‍, 3 ഫെബ്രുവരി 2020 (17:00 IST)
ബിഗ് ബോസ് സീസൺ 2വിലെ ഏറ്റവും സംഭവബഹുലമായ ആഴ്ചയാണ് കടന്നു പോയത്. തെസ്നി ഖാൻ എലിമിനേഷനിലൂടെ പുറത്തുപോയപ്പോൾ വൈൽഡ് കാർഡ് എൻ‌ട്രിയിലൂടെ അകത്തേക്ക് കയറിയവരാണ് ആർ ജെ സൂരജും പവൻ ജിനോ തോമസും. മത്സരാർത്ഥികൾ മാറിവരുന്നുണ്ടെങ്കിലും ഒരു മാറ്റവുമില്ലാതെ തുടരുന്നത് അവതാരകനായ ആണ്.

ഹൌസിനുള്ളിൽ എന്തെങ്കിലും അനീതി കണ്ടാലോ സ്ത്രീവിരുദ്ധ ഡയലോഗ് ആരെങ്കിലും പറഞ്ഞാലോ അതൊന്നും ചോദിക്കാതെ വളരെ കൂളായി, ഒരു സീരിയസ്നെസുമില്ലാതെ നിൽക്കുകയാണ് മോഹൻലാൽ എന്ന ആരോപണം ഇതിനോടകം ബിഗ് ബോസ് ആരാധകർ ഉന്നയിച്ച് കഴിഞ്ഞു.

പുതിയ മത്സരാർത്ഥികളുടെ വരവോടെ, വെറും കുശുമ്പും പരദൂഷണവും മാത്രം ചർച്ച ചെയ്തിരുന്ന ഹൌസിനുള്ളിൽ സ്ത്രീ സമത്വവും ഭരണഘടനയും പോലത്തെ ഗൌരവമേറിയ കാര്യങ്ങളും ചർച്ച ചെയ്യപ്പെട്ട് കഴിഞ്ഞു. എന്നാൽ, ഒരു അവതാരകനെന്ന നിലയിൽ മത്സരാർത്ഥികളെ വരച്ച വരയിൽ നിർത്താൻ മോഹൻലാലിനു കഴിയുന്നില്ല എന്നാണ് ആരോപണം.

അഭിപ്രായങ്ങളും നിലപാടുകളും വെട്ടിത്തുറന്ന് പറയുകയും അനീതി ചോദ്യം ചെയ്യുകയും ചെയ്യുന്നവരാണ് മറ്റ് ബിഗ്ബോസിലെ അവതാരകർ ചെയ്യുന്നത്. എന്നാൽ, ഒരാളെ പോലും മുഷിപ്പിക്കാതെയാണ് മോഹൻലാൽ സംസാരിക്കുന്നത്. ക്യാമറക്കണ്ണിലൂടെ പ്രേക്ഷകർക്കടക്കം നേരിട്ട് കണ്ട് ബോധ്യപ്പെട്ട വിഷയങ്ങളിൽ പോലും മോഹൻലാലിന് ഒരു മത്സരാർത്ഥിയെ വിമർശിക്കാനാകുന്നില്ലെന്നത് അദ്ദേഹത്തിന്റെ ദൌർബല്യം തന്നെയാണ്.

അതിന്റെ ഏറ്റവും വലിയ ഉദാഹരണം തന്നെയായിരുന്നു ആദ്യ 2 ആഴ്ചകൾ. സുജോ മാത്യു പറഞ്ഞ പല സ്ത്രീവിരുദ്ധ വാക്കുകളും ചോദ്യം ചെയ്യാതെ മോഹൻലാൽ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ‘നീ ആദ്യം ആണുങ്ങളെ റെസ്പെക്ട് ചെയ്യാൻ പഠിക്ക്. നിന്റെ പിറകെ നടക്കുന്ന ആണുങ്ങളുടെ കൂട്ടത്തിൽ എന്നെ കൂട്ടണ്ട. പെണ്ണായാൽ കുറച്ച് അടക്കവും ഒതുക്കവും ഒക്കെ വേണം’ എന്നെല്ലാം സുജോ എലീനയോട് പറഞ്ഞിരുന്നു.

എന്നാൽ, ഇതിനെ ചോദ്യം ചെയ്യാനോ വിശദീകരണം തേടാനോ മോഹൻലാൽ തയ്യാറായില്ല. പകരം എലീനയുടെ ‘അലവലാതി’ കമന്റ് മാത്രം ശരിയായില്ലെന്ന രീതിയിൽ അദ്ദേഹം സംസാരിക്കുകയും ചെയ്തു. മത്സരാർത്ഥികൾ തമ്മിലുള്ള തർക്കങ്ങളിൽ ആരുടേയും പേരെടുത്ത് വിമർശിക്കാൻ പോലും മോഹൻലാൽ നിക്കുന്നില്ല. മോഹൻലാലിനെ കൊണ്ട് പറ്റുന്ന പണി അല്ല ഇതെന്നും, സുരേഷ് ഗോപിയെ കൊണ്ടു വരൂ എന്നുമെന്നും സോഷ്യൽ മീഡിയകളിൽ ബിഗ്ബോസ് ആരാധകർ ചർച്ച ചെയ്യുകയും ആവശ്യം ഉന്നയിക്കുകയും ചെയ്യുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :