അതിജീവനത്തിന്റെ കഥ, കേരളം അറിഞ്ഞത്, അനുഭവിച്ചത്; വൈറസിന്റെ ട്രെയിലർ
Last Modified ശനി, 27 ഏപ്രില്‍ 2019 (09:39 IST)
കാത്തിരിപ്പുകള്‍ക്കും ആകാംക്ഷകള്‍ക്കും വിരാമമിട്ട് ആഷിഖ് അബു ചിത്രം വൈറസിന്‍റെ ട്രെയ്ലര്‍ എത്തി. കോഴിക്കോട് പേരാമ്പ്രയിൽ കണ്ടെത്തിയ നിപ രോഗബാധയെയും അതിനെ കേരളം നേരിട്ടതിനെയും ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രമാണ് വൈറസ്.
മികച്ചതാരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. നിരവധിപ്പേരാണ് യൂട്യൂബില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ട്രെയ്ലര്‍ കണ്ടത്. കേരളം നിപ്പയെ അറിഞ്ഞതും ഭയപ്പെട്ടതും അതിജീവിച്ചതും ഒരിക്കല്‍ കൂടി അനുഭവിക്കുകയാണ് ചിത്രത്തിന്‍റെ ട്രെയ്ലറിലൂടെ.
റീമ കല്ലിങ്കലാണ് ചിത്രത്തില്‍ നിപ്പ ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയായി എത്തുന്നത്. 'ആള്‍ക്കാര്‍ക്ക് അസുഖം വന്നാല്‍ നോക്കാതിരിക്കാനാവുമോയെന്ന' റിമയുടെ വാക്കുകള്‍ വേദനയാകുന്നു. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണി നിരക്കുന്നത്.
ഒപിഎം പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. രാജീവ് രവിയാണ് 'വൈറസി'ന്‍റെ ഛായാഗ്രാഹണം. മുഹ്‌സിന്‍ പരാരി സുഹാസ് ഷര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. യുവ സംഗീത സംവിധായകനായ സുഷിന്‍ ശ്യാമാണ് സംഗീതസംവിധാനം. എഡിറ്റിംഗ് സൈജു ശ്രീധരന്‍.