Last Modified വ്യാഴം, 25 ഏപ്രില്‍ 2019 (16:06 IST)
ചില സിനിമകള്‍ വളരെ സാധാരണചിത്രങ്ങള്‍ എന്ന് തോന്നിപ്പിക്കും. എന്നാല്‍ അവ തിയേറ്ററുകളിലെത്തുമ്പോള്‍ നമ്മെ വിസ്മയിപ്പിക്കും. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളായ ദൃശ്യം, പ്രേമം തുടങ്ങിയവ അത്തരം സിനിമകളായിരുന്നു. പ്രേക്ഷകര്‍ പ്രതീക്ഷിച്ചതിന്‍റെ പലമടങ്ങ് ആ സിനിമകളില്‍ നിന്ന് ലഭിച്ചപ്പോള്‍ അവ ചരിത്രമായി.
ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ‘ഉണ്ട’യാണ് മലയാളത്തിലെ അടുത്ത ദൃശ്യമാകാന്‍ പോകുന്നത്. ഒരു സാധാരണ ചിത്രമെന്ന കെട്ടിലും മട്ടിലുമാണ് ആ സിനിമ ഒരുങ്ങുന്നത്. ഒരു പബ്ലിസിറ്റി ഗിമ്മിക്കും ആ സിനിമയ്ക്കില്ല. നിശബ്ദമായാണ് അത് വരുന്നത്. ഹൈപ്പില്ല, ആരവങ്ങളില്ല. ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയതുപോലും തികച്ചും സാധാരണമായ ഒരു കോമഡിച്ചിത്രത്തിന്‍റെ പാറ്റേണ്ടിലാണ്.
എന്നാല്‍ ഇതൊന്നുമല്ല ‘ഉണ്ട’ എന്നതാണ് യാഥാര്‍ത്ഥ്യം. തിയേറ്ററുകളില്‍ ഈ സിനിമ കണ്ട് പ്രേക്ഷകര്‍ ഞെട്ടിത്തരിക്കാന്‍ പോകുകയാണ്. ശ്യാം കൌശലിന്‍റെ തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകളുള്ള ഒരു ഗംഭീര ത്രില്ലറായിരിക്കും ഈ സിനിമ. കോമഡിയുടെ പുറംചട്ടയിലെത്തുന്ന ചിത്രം മലയാള സിനിമാലോകത്ത് പുതിയ അത്ഭുതമായി മാറുമെന്നാണ് സൂചന.
നക്സല്‍ പശ്ചാത്തലത്തില്‍ കഥ പറയുന്ന ‘ഉണ്ട’ വടക്കന്‍ സംസ്ഥാനങ്ങളിലെ രക്തരൂഷിത പോരാട്ടങ്ങളുടെ കഥയാണ് പറയുന്നത്. വെടിയുണ്ടകള്‍ വിധി തീരുമാനിക്കുന്ന ഇടങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ഒരു പൊലീസുകാരന്‍റെ പ്രതികരണങ്ങളും അതിജീവനവുമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.
ഈദിന് പ്രദര്‍ശനത്തിനെത്തുന്ന ഉണ്ടയുടെ സംഗീതം പ്രശാന്ത് പിള്ളയാണ്. ഛത്തീസ്ഗഡ് ആണ് പ്രധാന ലൊക്കേഷന്‍. കാസര്‍കോട്, മംഗലാപുരം എന്നിവിടങ്ങളിലും ഈ സിനിമ ചിത്രീകരിച്ചു.