ജസ്റ്റിസ് ഫോർ ബിനോയ്, പാർട്ടി സെക്രട്ടറിയുടെ മകനെ കാണാതായി 5 ദിവസം; ബിനോയ് കോടിയേരിയുടെ ‘തിരോധാന’ത്തെ ട്രോളി സോഷ്യൽ മീഡിയ

ബിനോയിയുടെ കണ്ടെത്തണമെന്ന് സോഷ്യൽ മീഡിയയിൽ പരിഹാസ്യ രൂപേണ ആവശ്യം ഉയരുമ്പോള്‍ മുഖ്യമന്ത്രിയുടെ പേജിൽ ഉൾപ്പെടെ ട്രോളുകൾ നിരയുകയാണ്.

Last Modified തിങ്കള്‍, 24 ജൂണ്‍ 2019 (14:19 IST)
പീഡന പരാതിയിൽ മുംബൈ പോലീസ് അന്വേഷണം തുടങ്ങി അഞ്ച് ദിവസം പിന്നിട്ടിട്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയെ കണ്ടെത്താനാവാത്തതിനെ വിമര്‍ശിച്ച് സോഷ്യൽ മീഡിയ. ബിനോയിയുടെ കണ്ടെത്തണമെന്ന് സോഷ്യൽ മീഡിയയിൽ പരിഹാസ്യ രൂപേണ ആവശ്യം ഉയരുമ്പോള്‍ മുഖ്യമന്ത്രിയുടെ പേജിൽ ഉൾപ്പെടെ ട്രോളുകൾ നിരയുകയാണ്. കൊല്ലം അഞ്ച് തെങ്ങിൽ മത്സ്യത്തൊഴിലാളിയെ കണ്ടെത്തുന്നതിന് നടപടികൾ സ്വീകരിച്ചെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പോസ്റ്റ് ചെയ്ത കുറിപ്പിന് കീഴിലാണ് ഇത്തരം കമന്റുകൾ കൂടുതലും പ്രതിക്ഷപ്പെടുന്നത്.


‘ബിനോയ് എന്ന യുവാവിനെ കാണാതായിട്ട് ദിവസങ്ങൾ പിന്നിടുന്നു. കേരളാ പോലീസും ആഭ്യന്തര വകുപ്പും പരാജയമോ? ബിനോയിയുടെ തിരോധാനം സിബിഐ അന്വേഷിക്കുക. ആഭ്യന്തര മന്ത്രി രാജി വെക്കുക’ തുടങ്ങിയ ആവശ്യങ്ങളാണ് ജസ്റ്റിസ് ഫോർ ബിനോയ് എന്ന ഹാഷ് ടാഗ് ഉൾപ്പെടെ തയ്യാറാക്കി പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ സെക്രട്ടറിയുടെ മകനെ അഞ്ചു ദിവസമായി കാണാതായിട്ടും സംസ്ഥാന സർക്കാറിന് ഒരു ഉത്തരവാദിത്ത്വവുമില്ലെങ്കിൽ സാധാരണക്കാരുടെ സ്ഥിതി എന്താകും’ എന്ന ആശങ്കയും ചിലർ പങ്കുവയ്ക്കുന്നു.

എന്നാൽ, മത്സ്യത്തൊളിലാളിയെ കാണാതായ വിഷയത്തിൽ കുറിച്ച പോസ്റ്റിന് കീഴിൽ ഉത്തരം കമന്റുകൾ ഉയർത്തുന്നതിന്റെ ഔചിത്യം ചിലർ ചോദ്യം ചെയ്തും ചിലർ രംഗത്തെത്തിയിട്ടുണ്ട്. വിമർശിക്കുന്നവരെ പ്രതിരോധിച്ച് സൈബർ പോരാളികളും രംഗത്തെത്തിയിട്ടുള്ളതിനാൽ കനത്ത വാക് പോരാണ് പോസ്റ്റിന് കീഴിൽ ഉയരുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :