ചെന്നൈ|
jibin|
Last Modified വ്യാഴം, 8 നവംബര്‍ 2018 (15:39 IST)
വിദേശ താരങ്ങളെ ഇഷ്‌ടപ്പെടുന്നവര്‍ രാജ്യം വിട്ടു പോകണമെന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ പ്രസ്‌താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ്.
കിംഗ് കോഹ്‌ലി എന്ന നിലയില്‍ മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഭാവിയില്‍ കാര്യങ്ങള്‍ ആലോചിച്ച് ചെയ്യണമെന്നാണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
ഒരു ഇന്ത്യന്‍ നായകന്റെ വായില്‍ നിന്ന് വരുന്ന എന്തുമാത്രം വിഡ്ഢിത്തം നിറഞ്ഞ വാക്കുകളാണിതെന്നും അദ്ദേഹത്തിന്റെ ട്വീറ്റിലുണ്ട്.
തന്റെ പേരിലുള്ള പുതിയ മൊബൈൽ ആപ്ലിക്കേഷന്റെ പ്രചാരണാർഥം പുറത്തിറക്കിയ വിഡിയോയില്‍ ആരാധകരോട് സംവദിക്കുന്നതിനിടെയാണ് കോഹ്‌ലി വിവാദ പരാമർശം നടത്തിയത്. ഇതോടെ ഇന്ത്യന്‍ ക്യാപ്‌റ്റനെതിരെ പരിഹാസവും ആക്ഷേപവും ശക്തമായി.
കോഹ്‌ലി മുമ്പ് പറഞ്ഞ വാക്കുകള്‍ കുത്തിപ്പൊക്കിയാണ് ആരാധകര്‍ രംഗത്തുവന്നത്.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയ ജര്‍മന്‍ താരം കെര്‍ബറിനെ പ്രശംസിച്ചതും അണ്ടര്‍ 19 താരമായിരിക്കെ ഇഷ്ട താരം ഹെര്‍ഷല്‍ ഗിബ്സാണെന്ന് വ്യക്തമാക്കിയതും ആരാധകര്‍ കുത്തിപ്പൊക്കിയിരിക്കുകയാണ്.
കോഹ്‌ലിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിക്കുന്നുണ്ട്. വ്യാപക പ്രതിഷേധമാണ് താരത്തിനെതിരെ നടക്കുന്നത്. രൂക്ഷമായ ഭാഷയിലാണ് പലരും വിമര്‍ശനവുമായി രംഗത്തുവന്നത്.
ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും താരങ്ങളെയാണ് കൂടുതൽ ഇഷ്‌ടമെന്ന് വ്യക്തമാക്കിയ ആരാധകനോട് രാജ്യം വിട്ടു പോകാന്‍ പറഞ്ഞതാണ് വിരാടിന് തിരിച്ചടിയായത്.