Last Updated:
ബുധന്‍, 13 ഫെബ്രുവരി 2019 (08:13 IST)
കേരളത്തിലെ ആദ്യദുരഭിമാനകൊലയുടെ ജീവിച്ചിരിക്കുന്ന ഇരയാണ് നീനു. അവൾക്ക് നഷ്ടപ്പെട്ടത് തന്റെ പ്രാണനെ പോലെ കരുതി സ്നേഹിച്ചവനെയായിരുന്നു.
കെവിൻ മരിച്ചിട്ട് 9 മാസമാകുന്നു. നീനുവിന്റെ ജീവിതം ഇരുളടഞ്ഞതാക്കിയത് അവളുടെ അപ്പനും സഹോദരനും ചേർന്നാണ്.
നീനുവിന്റെ അച്ഛനും സഹോദരനും ഇപ്പോഴും കോട്ടയത്തെ ജയിലിലാണ്. കെവിനു നീതി കിട്ടുമെന്ന് തന്നെയാണ് നീനു കരുതുന്നത്. സംഭവത്തിനു ശേഷം അമ്മയും ബന്ധുക്കളും നീനുവിനെ ഒന്ന് കാണാൻ പോലും വന്നിട്ടില്ല. ജന്മം തന്നവരാണെന്ന ബഹുമാനം ഉണ്ടെങ്കിലും തെറ്റ് ചെയ്തതിനാൽ അവർ ശിക്ഷിക്കപ്പെടണം എന്നാണ് നീനു പറയുന്നത്.
പപ്പയേയും മമ്മിയേയും ഒരിക്കലും സങ്കടപ്പെടുത്താതെ കൂടെ ചേർത്ത് പിടിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് അന്നും ഇന്നും നീനു ആവർത്തിപറയുന്നു. നീനുവിനു ബലമായി ഒരുപാട് പേർ ഇപ്പോഴുമുണ്ട്. എന്നാൽ, അതിനിടയിലും കുത്തുവാക്കുകളുമായി അവളെ സഹതാപത്തോടെ നോക്കുന്നവരും ചെറുതല്ല. ഒന്നും ചോദിക്കാതെ തുറിച്ചു നോക്കുന്ന ചിലരുണ്ട്. ആളെ തിരിച്ചറിഞ്ഞാൽ മറ്റുള്ളവരെ കൂട്ടിക്കൊണ്ട് വന്നിട്ട് ‘ഇതാണ് ആ കൊച്ച്’ എന്ന് പറയും. ഇതൊക്കെ കേട്ടതോടെ നീനു എവിടെയും പോകാതെയായി. നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് നീനുവും കെവിന്റെ മാതാപിതാക്കളും.
തന്നെ തോൽക്കാൻ ഉറച്ച് ഇറങ്ങിയവർക്ക് മുന്നിൽ തോറ്റ് കൊടുക്കില്ലെന്നും തന്റെ വാവച്ചനു വേണ്ടി ജീവിച്ച് കാണിക്കുമെന്നും നീനു പറയുന്നു. പ്രിയപ്പെട്ടവർ അവനെ വിളിക്കുന്നത് വാവച്ചനെന്നാണ്. കെവിന്റെ അച്ഛനും അമ്മയും ചേച്ചിയും തള്ളിപ്പറഞ്ഞിരുന്നെങ്കിൽ താൻ ഇന്ന് ഉണ്ടാകുമായിരുന്നില്ലെന്ന് നീനു പറയുന്നു.
മകന്റെ ജീവൻ പ്രണയത്തിന്റെ പേരിൽ കവർന്നെടുത്തപ്പോഴും അവന്റെ മാതാപിതാക്കൾ നീനുവിനു മേൽ പഴി ചാരിയില്ല. അവളെ തള്ളിപ്പറഞ്ഞില്ല. കൂടെ ചേർത്തു നിർത്തി. തങ്ങളുടെ സങ്കടത്തിലും സന്തോഷത്തിലും പങ്കാളിയാക്കുകയായിരുന്നു കെവിന്റെ പിതാവ് ജോസഫ്.
ഉള്ളടക്കത്തിന് കടപ്പാട്: മനോരമ ഓൺലൈൻ