ചിപ്പി പീലിപ്പോസ്|
Last Modified ബുധന്‍, 19 ഫെബ്രുവരി 2020 (11:09 IST)
കരുണ ട്രെസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് നടി റിമ കല്ലിങ്കലിനെതിരെ സോഷ്യൽ മീഡിയയിൽ കനത്ത രീതിയിലാണ് സൈബർ ആക്രമണം നടക്കുന്നത്. തുടക്കം മുതൽ റിമ പറയുന്ന രാഷ്ട്രീയവും ആണധികാരത്തിനെതിരെയുള്ള റിമയുടെ ചോദ്യം ചെയ്യലുമെല്ലാം നന്നായിട്ട് കൊണ്ടവർ അടക്കം ഈ ഒരു അവസരത്തിൽ റിമയെ ചീത്ത വിളിക്കുന്നുണ്ട്.
വാഴ നനയുന്ന കൂട്ടത്തിൽ ചീരയും നനയട്ടെ എന്ന മട്ടില്‍ ആ വിമര്‍ശനം റീമ കല്ലിങ്കലിനെതിരെയുള്ള സൈബര്‍ ബുള്ളിയിങ്ങ് നിലപാടുള്ള പെണ്ണിനെ സഹിക്കാൻ വയ്യാത്ത ഇരുകാലി ജീവികളുടെ കുത്തിക്കഴപ്പ് ആണെന്ന് കിരൺ എ ആർ എഴുതിയ കുറിപ്പിൽ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം:
ആഷിക് അബുവിന്റെ ഭാഗത്ത് നിന്നും പിഴവ് സംഭവിച്ചെങ്കിൽ, പിഴവ് സംഭവിച്ചെങ്കിൽ മാത്രം അയാൾ ആശയപരമായി വിമര്‍ശിക്കപ്പെടുക തന്നെ വേണം. എതിര്‍പ്പില്ല, ചെയ്യുന്നതിൽ തെറ്റുമില്ല.
പക്ഷേ വാഴ നനയുന്ന കൂട്ടത്തിൽ ചീരയും നനയട്ടെ എന്ന മട്ടില്‍ ആ വിമര്‍ശനം റീമ കല്ലിങ്കലിനെതിരെയുള്ള സൈബര്‍ ബുള്ളിയിങ്ങ് ആകുന്നുവെങ്കിൽ അതിനൊരു പേരെ ഉള്ളൂ. നിലപാടുള്ള പെണ്ണിനെ സഹിക്കാൻ വയ്യാത്ത ഇരുകാലി ജീവികളുടെ കുത്തിക്കഴപ്പ്. മേമ്പൊടിയ്ക്ക് അവരും ആഷിക്കും നിലകൊള്ളുന്ന രാഷ്ട്രീയത്താൽ ഉറക്കം നഷ്ടപ്പെട്ട ചാണകഭടന്മാർ വക നാലാം തരം നാറിയ പ്രതികാരവും..
നാലു നേരം അമ്മയുടെയോ ഭാര്യയുടെയോ പെങ്ങളുടെയോ കൈകൊണ്ട് വെച്ചുണ്ടാക്കിയത് തിന്നു നടന്ന്, മുഷിഞ്ഞു നാറിയ അണ്ടര്‍വെയര്‍ അടക്കം അവര്‍ക്ക് അലക്കാൻ എറിഞ്ഞു കൊടുത്ത്, സ്ത്രീധനമെന്ന പേരില്‍ അവര്‍ക്ക് കിട്ടിയ മണ്ണിലും പൊന്നിലും പണത്തിലും ഉളുപ്പില്ലാതെ ഉടമസ്ഥാവകാശം ചമഞ്ഞുനടന്നവരെ റീമ പറഞ്ഞ പൊരിച്ച മീനിന്റെ ഫെമിനിസം കുത്തിനോവിക്കാതെ പോയിട്ടുണ്ടാകില്ല.
ബസ്സിലും ട്രെയിനിലും പാര്‍ക്കിലും ബീച്ചിലും സിനിമാ തീയറ്ററിലെ ഇരുട്ടിലും ഉത്സവപ്പറമ്പിലും പെണ്ണിന്റെ ശരീരം കണ്ണുകൊണ്ടും കൈ കൊണ്ടും അളവെടുത്ത് ശീലിച്ചവർക്ക്, റീമ "തൃശൂർപൂരം ആണുങ്ങളുടെ മാത്രം ആഘോഷമാണ്" എന്ന് പച്ചയ്ക്ക് പറഞ്ഞത് തങ്ങളുടെ പുഴുത്ത തൊലിയടക്കം പൊള്ളിച്ച് കാണണം.
ജോസഫ് അലക്സും ഇന്ദുചൂഢനും ഭരത്ചന്ദ്രനും കണ്ട് രോമാഞ്ചം കൊണ്ടവരുടെ ആണധികാരത്തിന്റെ കരണത്ത് റാണി പദ്മിനിയും മായാനദിയും അനവധി തവണയടിച്ചുകാണണം.
സഹപ്രവര്‍ത്തകയെ സിനിമാചരിത്രത്തിലില്ലാത്ത വണ്ണം ക്രൂരമായ ശാരീരിക-മാനസിക പീഡനത്തിന് വിധേയയാക്കാൻ ചരടുവലിച്ച കേസില്‍ വിചാരണ നേരിടുന്ന സൂപ്പര്‍സ്റ്റാറിനെ പരവതാനി വിരിച്ച് സ്വീകരിച്ച സിനിമയ്ക്ക് അകത്തും പുറത്തുമുള്ള വെട്ടുകിളികളെ, റീമയടക്കമുള്ള ഫെമിനിച്ചികൾ ആഷിക്കിന്റെകൂടി പിന്തുണയോടെ രൂപം കൊടുത്ത WCC എന്ന സംഘടനയും അതിന്റെ നട്ടെല്ല് വളയാത്ത നിലപാടുകളും നിരന്തരം അസ്വസ്ഥരാക്കിക്കാണും.
പ്രളയം വന്നതില്‍ ഉള്ളുകൊണ്ട് സന്തോഷിച്ചവർക്കും, ദുരിതാശ്വാസത്തിന് വേണ്ടിയും പ്രളയാനന്തര പുനർനിർമ്മാണത്തിനുവേണ്ടിയും അണ പൈസ കേരളത്തിന് കൊടുക്കരുത് എന്ന് ആഹ്വാനം ചെയ്തഭിമാനിച്ചവർക്കും, ഇരിക്കുന്ന കൊമ്പ് മുറിച്ച് ആനന്ദം കൊള്ളുന്ന അല്പബുദ്ധികള്‍ക്കും ദുരിതാശ്വാസനിധിയില്‍ സംഭാവന ചെയ്യുക എന്ന ആശയവും "ആരാടാ നാറി നീ" പ്രയോഗവും വല്ലാതെ നൊന്തു കാണണം.
അതിന്റെ ചൊരുക്കാണ് അവരീ വെർബൽ റേപ്പിലൂടെ ചൊറിഞ്ഞുതീർക്കുന്നത്. സംഗീതനിശയുടെ മറ്റു നടത്തിപ്പുകാർക്കൊന്നും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത വണ്ണം "കുടുംബത്തിൽ കയറിയുള്ള" ആക്രമണം അതുകൊണ്ട് തന്നെയാണ് റീമയ്ക്കു മാത്രം നേരിടേണ്ടിവരുന്നത്.
അതുകൊണ്ട് വിവാദത്തിന്റെ നിജസ്ഥിതി എന്തായിരുന്നാലും ഈ വിഷയത്തില്‍ റീമയുടെ കൂടെയാണ്. ആഷിക് അബുവിന്റെ ഭാര്യ എന്നതല്ല റീമ കല്ലിങ്കലെന്ന സ്ത്രീയുടെ ഐഡന്റിറ്റിയെന്ന് തിരിച്ചറിവുള്ള മനുഷ്യരത്രയും അവരുടെ കൂടെ നില്‍ക്കാന്‍ ബാധ്യതപ്പെട്ടവരാണ്. നിലപാട് ഉറക്കെപ്പറയുന്ന, വെട്ടുകിളികൾക്ക് വില കൊടുക്കാത്ത പെണ്ണിനെ അടക്കിയിരുത്താൻ വാ കൊണ്ട് പ്രാപിച്ചും കേട്ടാലറയ്ക്കുന്ന തെറി വിളിച്ചും ആണത്തം കാണിക്കുന്ന ഇരുകാലിമൃഗങ്ങളോട് ഐക്യപ്പെടാൻ ഒരു മനുഷ്യനെന്ന നിലയില്‍ അസാധ്യവുമാണ്.
തെറിവിളിക്കാരോട് പറയാനുള്ളത് "ആരാടാ നാറി നീ" എന്ന് മാത്രമാണ്.