അപർണ|
Last Updated:
വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (11:09 IST)
മലയാളക്കരയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് ചാലക്കുടിയുടെ സ്വന്തം കലാഭവൻ മണി യാത്രയാത്. മണിയുടേത് ദുരൂഹമരണമാണെന്നും പിറകിൽ ആരെല്ലാം ഉണ്ടെന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് കുടുംബം സിബിഐ അന്വേഷണം ആവശ്യമാണെന്ന് പറഞ്ഞ് രംഗത്തെത്തിയതെല്ലാം വാർത്തയായതാണ്.
ഇപ്പോഴിതാ, കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച തനിക്ക് അറിയാവുന്ന കാര്യം മണിയുടെ ജീവിതകഥ പറയുന്ന ചിത്രം ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ ചേര്‍ത്തിട്ടുണ്ടെന്നും വിവാദങ്ങളെ തനിക്ക് ഭയമില്ലെന്നും സംവിധായകന്‍ വിനയന്‍.
‘മണിയുടെ സിനിമാ ജീവിതവുമായി ബന്ധപ്പെട്ട എല്ലാം ഇതില്‍ വിഷയമാകുന്നുണ്ട്. മണിയുടെ ജീവിതത്തിലെ ഇഷ്ടസ്ഥലമായിരുന്നു പാടി. അവിടെ വച്ചാണ് മരണപ്പെടുന്നത്. ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് പാടിയിലെ ഭാഗങ്ങളാണ്. മണിയുടെ മരണവും സിനിമയിലുണ്ട്. മരണത്തില്‍ എനിക്കു മനസിലായ കാര്യങ്ങളാണ് ഇതില്‍ അവതരിപ്പിക്കുന്നത്. ജനങ്ങള്‍ അത് ചര്‍ച്ച ചെയ്യട്ടെ’. വിനയന്‍ മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
മണി മരിക്കുന്നതിന്റെ തലേദിവസം അദ്ദേഹത്തോടൊപ്പം മദ്യപിച്ചവരെ തനിക്ക് സംശയമുണ്ടെന്ന് സഹോദരൻ ആർ എൽ വി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. നടനും ടി.വി. അവതാരകനുമായ സാബു (തരികിട സാബു), ജാഫർ ഇടുക്കി തുടങ്ങിയവരായിരുന്നു അന്നേ ദിവസം മണിക്കൊപ്പം ഉണ്ടായിരുന്നത്.
മണിയുടെ മരണത്തിനുത്തരവാദികളെന്ന രീതിയിൽ അന്ന് ഉയർന്നു കേട്ട പേരുകളാണിത്. എന്നാൽ, സഹോദരന്റേത് വെറും ആരോപണമായി മാത്രം നിന്നു. ഇരുവരേയും പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ഇവയെ കുറിച്ചും സിനിമയിൽ പ്രതിപാദിക്കുന്നുണ്ടോയെന്നാണ് മണിയുടെ ആരാധകർ ഉറ്റു നോക്കുന്നത്.