കൊച്ചി|
Rijisha M.|
Last Modified തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (07:51 IST)
ഗോൾഡെൻ ഗ്ലോബ് യാത്രക്കിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ അകപ്പെട്ട മലയാളി നാവികൻ അഭിലാഷ് ടോമിയെ പതിനാറ് മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്താനാകുമെന്ന് നാവികസേന അറിയിച്ചു. ഓസ്‌ട്രേലിയയും ഫ്രാൻസും ഇന്ത്യയും സംയുക്തമായാണ് രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നത്.
കഴിഞ്ഞ ദിവസം പി-8ഐ വിമാനം അഭിലാഷിന്റെ പായ്‌വഞ്ചി കണ്ടെത്തിയിരുന്നു. രക്ഷാ സംഘത്തോട് റേഡിയോ സന്ദേശങ്ങളിലൂടെ അഭിലാഷ് ടോമിക്ക് ആശയവിനിമയം നടത്താൻ സാധിക്കുന്നുണ്ട്. ശക്തമായ കാറ്റിലും തിരമാലകളിലും പെട്ട് നടുവിന് സാരമായ പരിക്ക് പറ്റിയ നിലയിലാണ് അഭിലാഷ് ടോമി ഉള്ളത്.
ഓസ്ട്രേലിയൻ പ്രതിരോധ വകുപ്പും ഇന്ത്യൻ നാവിക സേനയും രണ്ട് കപ്പലുകളിൽ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്താൻ ശ്രമം നടത്തുന്നുണ്ടെങ്കിലും ശക്തമായ മഴയിലും കാറ്റിലും കടൽ പ്രക്ഷുബ്ധമായതിനാൽ കപ്പലുകൾക്ക് പായ്‌വഞ്ചിയുടെ അടുത്തെത്താൻ സാധിക്കുന്നില്ലായിരുന്നു. 12 അടിയോളം ഉയരത്തിൽ ആഞ്ഞടിക്കുന്ന തിരമാലകളാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയുയർത്തുന്നത്.
നിലവിൽ ആവശ്യമായ മരുന്നും ഭക്ഷണവും അഭിലാഷ് ടോമിക്ക് എത്തിച്ചു നൽകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പായ്‌വഞ്ചിയിൽ താൻ സുരക്ഷിതനാണെന്നും എന്നാൽ നടുവിനു പരിക്കേറ്റതിനാൽ പായ്‌വഞ്ചിയിൽനിന്നും ഇറങ്ങാൻ സാധിക്കില്ലെന്നുമായിരുന്നു അഭിലാഷ് ടോമി അവസാമായി നൽകിയ സന്ദേശം. ഇപ്പോൾ, ഓസ്‌ട്രേലിയൻ റെസ്‌ക്യു കോ-ഓർഡിനേറ്റിങ് സെന്ററിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.