ആളുകളെ കണ്ട് ഭയന്ന് കാട് കയറാൻ ഒരുങ്ങിയ കാട്ടാനയുടെ വാലിൽ പിടിച്ചുവലിച്ച് ഗ്രാമവാസി, വീഡിയോ !
വെബ്‌ദുനിയ ലേഖകൻ|
Last Updated:
ചൊവ്വ, 18 ഫെബ്രുവരി 2020 (15:38 IST)
കാട്ടാനാകളെ കണ്ടാൽ നിലം തൊടാതെ ഓടുന്നവരാണ് നമ്മൾ. എന്നാൽ പശ്ചിമ ബംഗാളിൽനിന്നുമുള്ള ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. ജനവാസ കേന്ദ്രത്തിലിറങ്ങി ആളുകളെ കണ്ട് ഭയന്ന് കാട്ടിലേക്ക് തിരിച്ചുകയറാൻ ഒരുങ്ങിയ ആനയുടെ വാലിൽ പിടിച്ച് വലിയ്ക്കുന്ന പ്രദേശവാസിയുടെ വീഡിയോയാണ് പുറത്തുവന്നിരിയ്ക്കുന്നത്. പശ്ചിമ ബംഗാളിലെ ഝാർഗ്രാം ഗ്രാമത്തിൽനിന്നുമുള്ളതാണ് വീഡിയോ.
വാലിൽപിടിച്ച് വലിച്ചിട്ടും തിരികെ ഉപദ്രവിക്കാതെ വേദന സഹിച്ച് നടന്നുനീങ്ങുന്ന ആനയെ വീഡിയോയിൽ കാണാം. എന്നിട്ടും ആനയുടെ വാലിൽനിന്നും പിടിവിടാൻ ഗ്രാമവാസി തയ്യാറാവുന്നില്ല. വടിയും മറ്റു ആയുധങ്ങളുമായി ചുറ്റുംകൂടിയ മറ്റു ഗ്രാമവാസികൾ ഇത് കണ്ട് കയ്യടിക്കുന്നതും ആരവമുണ്ടാക്കുന്നതും വീഡിയോയിൽ കാണാം. ആയുധങ്ങളുമായി ആനയുടെ മുന്നിലെത്തി ഭയപ്പെടുത്താനും ചിലർ ശ്രമിയ്ക്കുന്നുണ്ട്. എന്നാൽ ഇതിനെയൊന്നും വകവയ്ക്കാതെ കാട്ടുകൊമ്പൻ നടന്നുനീങ്ങുന്നത് കാണാം.
ചുറ്റും കൂടിനിന്ന പ്രദേശവാസികൾ തന്നെയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഈ ഗ്രാമത്തിൽ ആനകളും മനുഷ്യരും തമ്മിൽ ഏറ്റുമുട്ടുന്നത് പതിവായിട്ടുണ്ട്. സംഭവത്തെ വിമർശിച്ചുകൊണ്ട് നിരവധിപേരാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.