നീലിമ ലക്ഷ്മി മോഹൻ|
Last Updated:
ചൊവ്വ, 17 ഡിസംബര്‍ 2019 (18:44 IST)
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലയാള ചലച്ചിത്രലോകത്തെ യുവതലമുറ വരെ പ്രതികരിച്ച് കഴിഞ്ഞു. എന്നാൽ, അപ്പോഴും സൂപ്പർതാരങ്ങൾ മൌനത്തിലായിരുന്നു. ഒടുവിൽ മെഗാസ്റ്റാർ മമ്മൂട്ടി വിഷയത്തിൽ പ്രതികരിച്ച് കഴിഞ്ഞു. ഐക്യത്തിനെതിരായ എന്തിനേയും നിരുത്സാഹപ്പെടുത്തണമെന്നാണ് മമ്മൂട്ടി കുറിച്ചത്.
'ജാതി, മതം, വിശ്വാസം, മറ്റ് പരിഗണനകൾ എന്നിവയ്ക്കപ്പുറം ഉയർന്നാൽ മാത്രമേ നമുക്ക് ഒറ്റ രാജ്യമായി മുന്നേറാൻ കഴിയൂ. ഐക്യത്തിനെതിരായ എന്തിനേയും നിരുത്സാഹപ്പെടുത്തണം’- എന്നാണ് മമ്മൂട്ടി കുറിച്ചത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിന്റെ പ്രൊമോഷൻ സംബന്ധിച്ച വാർത്തയായിരുന്നു മമ്മൂട്ടി നേരത്തേ പുറത്തുവിട്ടത്. ഇതിനെതിരെ നിരവധിയാളുകൾ കമന്റ് ചെയ്തിരുന്നു. ഇതോടെയാണ് വിഷയത്തിൽ മമ്മൂട്ടി തന്റെ നിലപാട് അറിയിച്ചത്. വൈകിയാണെങ്കിലും താരത്തിന്റെ പ്രതികരണം ശക്തമാണെന്ന് സോഷ്യൽ മീഡിയ പറയുന്നു.
അതേസമയം, ഇപ്പോഴും മൌനം പാലിക്കുന്ന മോഹൻലാലിനെതിരെ സോഷ്യൽ മീഡിയ തിരിഞ്ഞ് കഴിഞ്ഞു. നോട്ട് നിരോധനം അടക്കം പല കാര്യങ്ങളിലും നരേന്ദ്രമോദി സര്‍ക്കാരിനെ പിന്തുണച്ച് മോഹന്‍ലാല്‍ ബ്ലോഗുകള്‍ എഴുതി രംഗത്ത് വന്നിരുന്നു. ആയതിനാൽ തന്നെ മോഹൻലാലിൽ നിന്നും നിയമ ഭേദഗതിക്കെതിരെ ഒരു പ്രതികരണം ആരും പ്രതീക്ഷിക്കുന്നില്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. എന്നിരുന്നാലും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സൂപ്പർതാരമെന്ന നിലയിൽ തങ്ങളുടെ നിലപാട് അറിയിക്കേണ്ട ബാധ്യത മോഹൻലാലിനും ഉണ്ടെന്നാണ് ട്രോളർമാരും പറയുന്നത്.
ഉണ്ട സിനിമയുടെ അണിയറ പ്രവർത്തകരാണ്
സിനിമ മേഖലയിൽ നിന്നും നിയമത്തിനെതിരെ ആദ്യമായി ശബ്ദമുയർത്തിയത്. സിനിമ സോഷ്യല്‍മീഡിയയില്‍ നടി പാര്‍വതി തിരുവോത്താണ് ആദ്യമേ നിലപാട് വ്യക്തമാക്കിയത്. പിന്നാലെ മറ്റ് താരങ്ങളും രംഗത്ത് വരികയായിരുന്നു.