ഷൈല ജോസ്|
Last Modified ചൊവ്വ, 17 ഡിസംബര്‍ 2019 (15:39 IST)
ബോക്സോഫീസില്‍ രാജാവായി സ്ഥിരമായി നില്‍ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മലയാള സിനിമയില്‍ പ്രത്യേകിച്ചും. എന്നാല്‍, മമ്മൂട്ടിച്ചിത്രങ്ങള്‍ എപ്പോഴും ബോക്സോഫീസില്‍ സജീവമായ തരംഗമായി മാറാറുണ്ട്. ഈ വര്‍ഷത്തെ കാര്യം തന്നെയെടുക്കാം. നൂറുകോടി ക്ലബില്‍ രണ്ട് മമ്മൂട്ടിച്ചിത്രങ്ങളാണ് ഇടംപിടിക്കുന്നത്.
കഴിഞ്ഞ ദിവസം റിലീസായ ‘മാമാങ്കം’ നാലുദിവസം കൊണ്ട് വാരിക്കൂട്ടിയത് 60 കോടിക്കുമുകളിലാണ്. ഉടന്‍ തന്നെ ചിത്രം 100 കോടി ക്ലബില്‍ ഇടം പിടിക്കുമെന്നതില്‍ സംശയമൊന്നുമില്ല. ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബിലെത്തിയ മലയാള ചിത്രമായി മാമാങ്കം മാറാനൊരുങ്ങുകയാണ്. എം പത്മകുമാര്‍ സംവിധാനം ചെയ്ത ഈ ഇമോഷണല്‍ ത്രില്ലര്‍ നാലുഭാഷകളില്‍, നാല്‍പ്പതിലധികം രാജ്യങ്ങളിലായി രണ്ടായിരത്തോളം സ്ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
ഈ വര്‍ഷം വിഷു റിലീസായി പ്രദര്‍ശനത്തിനെത്തിയ മധുരരാജയുടെ ബജറ്റ് 27 കോടി രൂപയായിരുന്നു. വൈശാഖ് സംവിധാനം ചെയ്ത ഈ മമ്മൂട്ടി എന്‍റര്‍ടെയ്നര്‍ നേടിയത് 104 കോടി രൂപ. പോക്കിരിരാജയുടെ രണ്ടാം ഭാഗമായെത്തിയ ഈ സിനിമയില്‍ മമ്മൂട്ടി കസറിയപ്പോള്‍ ബോക്സോഫീസില്‍ കോടിക്കിലുക്കമുണ്ടായി.
ഉണ്ടയുടെ സൂപ്പര്‍ഹിറ്റ് വിജയവും അന്യഭാഷകളില്‍ പേരന്‍പ്, യാത്ര തുടങ്ങിയ സിനിമകളുടെ വന്‍ വിജയവും മമ്മൂട്ടിയുടെ താരമൂല്യമുയര്‍ത്തി. ഈ വര്‍ഷത്തെ ഏറ്റവും മികച്ച 10 സിനിമകള്‍ ഐ എം ഡി ബി തെരഞ്ഞെടുത്തപ്പോള്‍ അതില്‍ ഒന്നാമത് മമ്മൂട്ടിയുടെ പേരന്‍പ് ആണ്.