കാള ഒന്നര ലക്ഷം രൂപയുടെ താലിമാല അകത്താക്കി, ചാണകമിടുന്നതും കാത്ത് കുടുംബമിരുന്നത് എട്ട് ദിവസം !

സുമീഷ് ടി ഉണ്ണീൻ| Last Updated: വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (20:16 IST)
മുംബൈ: വീട്ടിൽ നടത്തിയ പൂജക്കിടെ ഒരു കുടുംബത്തിന് കിട്ടിയത് നല്ല എട്ടിന്റെ പണി. മഹാരാഷ്ട്രയിലെ പ്രശസ്തമായ പോള എന്ന ആഘോഷത്തന്നിടെയായിരുന്നു സംഭവം. വീട്ടിലെ വിലപിടിപ്പുള്ള ആഭരണങ്ങൾ ഒരു തട്ടിലാക്കി കാളയുടെ തലയിൽതൊട്ട് അനുഗ്രഹം വാങ്ങുന്നതാണ് ഈ ആഘോഷം. എന്നാൽ ചടങ്ങിനിടെ ഒന്നര ലക്ഷത്തിന്റെ താലിഅകത്താക്കുകയായിരുന്നു.

റെയ്റ്റി വാഗപൂർ ഗ്രാമത്തിലെ കർഷകനായ ബാബുറാവു ഷിൻഡേയും ഭാര്യയുമാണ് കാള അകത്താക്കിയ താലി മാല തിരികെ ലഭിക്കുന്നതിനായി പാടുപെട്ടത്. ആചാരത്തിന്റെ ഭാഗമായി ആഭരണങ്ങൾ കാളയുടെ തലയിൽ തൊട്ട് അനുഗ്രഹം വാങ്ങുകയായിരുന്നു ഷിൻഡേയുടെ ഭാര്യ. ഇതിനിടെ കരണ്ട് പോയതാണ് പണി പറ്റിച്ചത്.

കരണ്ട് പോയതോടെ താലി മാല മധുര പലഹാരങ്ങൾ വച്ചിരുന്ന തട്ടിൽവച്ച് ഷിൻഡേയുടെ ഭാര്യ മെഴുകുതിരി കത്തിക്കാൻ പോയി. ഈ സമയത്തിനുള്ളിൽ തട്ടിൽ ഉണ്ടായിരുന്ന മധുര പലഹാരങ്ങളോടൊപ്പം കാള താലിമാലയും അകത്താക്കിയിരുന്നു. ഉടൻ തന്നെ ഇവർ ഭർത്താവിനെ വിവരമറിയിച്ചു. തുടർന്ന് ഷിൻഡേ എത്തി കാളയുടെ വായയിൽ കയ്യിട്ട് പരിശോധിച്ചു എങ്കിലും മാല കിട്ടിയില്ല.

പിന്നീട് കാളയുടെ ചാണകത്തിൽ തിരഞ്ഞ് എട്ട് ദിവസമാണ് ഈ കുടുംബം കാത്തിരുന്നത്. എന്നിട്ടും ഫലം ഉണ്ടായില്ല. ഒടുവിൽ കാളയെ മൃഗാശുപത്രിയിലെത്തിച്ച് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിച്ചതോടെ സംഗതി കാളയുടെ വയറ്റിൽ തന്നെ ഉണ്ട് എന്ന് കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയ നടത്തിയാണ് താലിമാല പുറത്തെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :