വെബ്‌ദുനിയ ലേഖകൻ|
Last Updated:
വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (18:09 IST)
മൃഗങ്ങളോട് ക്രൂരത കാട്ടുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടി ഭാവന. അടുത്തിടെ പട്ടിണി കിടന്ന് ഒരു വളർത്തുനായ മരിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് മൃഗങ്ങളോട് കരുണ കാണിക്കണം എന്ന് അപേക്ഷിച്ച്
ഭാവന രംഗത്തെത്തിയിരിക്കുന്നത്. 'മൃഗങ്ങളോട് കരുണ കാണിച്ചാൽ മനുഷ്യന് ഒന്നും നഷ്ടമാകില്ല' എന്ന് ഭാവന സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു.
മുയലിന് തീറ്റ കൊടുക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് മൃഗങ്ങളോട് കരുണ കാണിക്കണം എന്ന് താരം ആരാധകരോട് അവശ്യപ്പെട്ടിരിക്കുന്നത്. വളർത്തുനായ ഭക്ഷണവും വെള്ളവും ലഭിക്കാതെ മരിച്ച
വാർത്ത ഭാവന സാമൂഹ്യ മാധ്യമങ്ങൾ വഴി ഷെയർ ചെയ്തിരുന്നു. ഭാവനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. കാര്യാട്ടുകരയിലാണ് ഭക്ഷണവും വെള്ളവും നൽകാതെ കൂട്ടിൽ പൂട്ടിയിട്ടിരുന വളർത്തുനായ മരിച്ചത്.
കാര്യാട്ടുകരയിലെ പ്രശാന്തി നഗറിൽ വാടകക്ക് കഴിഞ്ഞിരുന്ന തൊടുപുഴ സ്വദേശിയുടേതായിരുന്നു നായ. നായയെ ഭക്ഷണവും വെള്ളവും നൽകാതെ പൂട്ടിയിട്ടിരിക്കുകയാണ് എന്ന് നാട്ടുകാരിൽനിന്നും അറിഞ്ഞ് ആശുപത്രിയിലെത്തിക്കാൻ മൃഗ സംരക്ഷണ പ്രവർത്തകർ ശ്രമിച്ചെങ്കിലും നായയുടെ ഉടമ തടയുകയും ചെയ്തിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് നായയെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും നായയുടെ ജീവൻ രക്ഷിക്കാനായില്ല.