കെ എസ് ഭാവന|
Last Modified ബുധന്‍, 28 നവംബര്‍ 2018 (12:32 IST)
പി സി ജോർജ് ബിജെപിയിലേക്ക് എന്ന വാർത്ത കേരള ജനതയെ തെല്ലൊന്ന് ആശങ്കയിലാഴ്‌ത്തിയിരിക്കാം. കേരളമണ്ണിൽ ഇടം പിടിക്കാൻ ബിജെപി ഒരുങ്ങുന്നു എന്നതിന്റെ സൂചനകളിലൊന്നാണ് ഇത് എന്നും റിപ്പോർട്ടുകളുണ്ട്. ശബരിമല വിഷയം മുറുകെ പിടിച്ച് ആദ്യം വിശ്വാസികളെ കൈയിലെടുക്കാൻ ഒരു നാടകീയ ശ്രമം നടത്തിയെങ്കിലും ബിജെപിക്കാരുടെ അജണ്ടയിൽ പലതും തെറ്റി.
അതിന് പിന്നാലെയാണ് ബിജെപിയിലേക്കുള്ള പിസി ജോർജിന്റെ വരവ്. ഇതിന്റെ പിന്നിലെ കാരണം വ്യക്തമാണ്. ഇടതും വലതും പി സിക്ക് മുമ്പിൽ വാതിലടച്ചപ്പോൾ കച്ചിത്തുരുമ്പായികിട്ടിയത് ബിജെപിയെയാണ്. എന്നാൽ അതിനുമപ്പുറം വേറെ വല്ല കാരണവുമുണ്ടോ?
പൂഞ്ഞാർ അടക്കമുള്ള മേഖല പിസിക്ക് വലിയ സ്വാധീനമുള്ളതുതന്നെയാണ്. അവിടെയുള്ള ജനങ്ങളെ തങ്ങൾക്കൊപ്പം നിർത്താമെന്ന് ബിജെപി കണക്കുകൂട്ടുന്നു. അതിന് പുറമേ പിസിയുടെ മകന്‍ ഷോണ്‍ ജോര്‍ജിന്
പത്തനംതിട്ട ലോക്‌സഭാ സീറ്റ് വാഗ്ദാനം ചെയ്‌ത് പി സിയെ തങ്ങൾ ഉദ്ദേശിക്കുന്ന കാര്യത്തിലേക്ക് എത്തിക്കുക എന്ന പദ്ധതിയും ബിജെപിക്ക് ഉണ്ട് എന്ന റിപ്പോർട്ടുകളും ഉണ്ട്.
മകന്റെ രാഷ്‌ട്രീയഭാവിവെച്ച് ബിജെപി ഓഫറുകൾ വാഗ്ദാനം ചെയ്യുമ്പോൾ പി സി ഒഴിവ് പറയാൻ സാധ്യതയില്ലെന്നാണ് പൊതുവേ ഉള്ളവിലയിരുത്തൽ. പത്തനംതിട്ടയില്‍ നിന്ന് ഒരു ലോക്‌സഭാ സീറ്റുറപ്പിക്കാൻ പി സി നമ്മുടെ പക്ഷത്ത് വേണമെന്ന രാഷ്‌ട്രീയ കണക്കുകൂട്ടലുകളാണ് ഇതിനെല്ലാം പുറമേ ഉള്ളത്.
നിയമസഭയില്‍ ഇരുവരും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായതിന് പിന്നാലെ എന്‍ഡിഎയിലേക്ക് പിസി ജോര്‍ജിനെ ബിജെപി ഔദ്യോഗികമായി തന്നെ ക്ഷണിച്ചേക്കും എന്നും സൂചനകളുണ്ട്. എന്നാൽ ആ കാര്യത്തിൽ പിസി ഒന്നുകൂടെ ചിന്തിക്കാൻ സാധ്യതയുണ്ട്. തനിക്ക് ലഭിക്കുന്ന വോട്ടുകളുടെ പേരിൽ തന്നെ ബിജെപിയിലേക്ക് ക്ഷണിക്കുമ്പോൾ പണ്ട് തനിക്ക് കിട്ടിക്കൊണ്ടിരുന്ന വോട്ടുകൾ മാറുമോ എന്ന് പിസിക്ക് തന്നെ ഒരു സംശയം ഉണ്ട്.
പാർട്ടി വിട്ട് കളിക്കുന്നതുകൊണ്ടുതന്നെ എത്രപേർ തനിക്കൊപ്പം ഉണ്ടാകുമെന്ന് പി സിക്കും സംശയമാണ്. അതേസമയം, പി സി ജോര്‍ജിന്റെ വരവ് ഒരു തുടക്കം മാത്രമാണ് എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിളള പ്രതിരിച്ചത്. എന്നാൽ പലതിലും പിഴവ് സംഭവിച്ച ബിജെപിക്ക് ഇതിലും അങ്ങനെ തന്നെ ആയിരിക്കുമോ?
മകന്റെ ഭാവി മുന്നിൽക്കണ്ടുകൊണ്ട് ബിജെപി പറയുന്നതെന്തും അനുസരിക്കാൻ പിസിക്ക് കഴിയുമോ? അതോ പാർട്ടി മാറിയാലും പിസിക്ക് കിട്ടേണ്ട വോട്ട് പിസിക്ക് തന്നെ കിട്ടും എന്ന ബിജെപിയുടെ പ്രതീക്ഷ അതുപോലെ നടക്കുമോ? അതുമല്ലെങ്കിൽ വോട്ട് പിടിക്കാനും എന്‍ഡിഎയിലേക്കുള്ള ക്ഷണം സ്വീകരിക്കാനും ബിജെപി ഇനിയും ഓഫറുകൾ പിസിക്ക് മുമ്പിൽ നിരത്തുമോ?
വോട്ട് രാഷ്‌ട്രീയത്തിന് വേണ്ടി വിശ്വാസികളെ കൂട്ടുപിടിച്ച ശബരിമല വിഷയത്തിൽ പലയിടത്തും ബിജെപിക്ക് പിഴവ് സംഭവിച്ചതുപോലെ പിസിയുടെ കാര്യത്തിലും സംഭവിക്കാൻ പോകുന്നത് അതുതന്നെ ആയിരിക്കുമോ?